കാർക്കീവ് > കാർക്കീവിലെ ശക്തമായ ഷെൽ ആക്രമണത്തിൽ ഭയന്ന് വിറച്ച് വിദ്യാർത്ഥികൾ. ബങ്കറുകളെയും മെട്രോ സ്റ്റേഷനുകളെയും ആശ്രയിച്ചാണ് നൂറുകണക്കിന് മലയാളി വിദ്യാർഥികൾ രക്ഷതേടിയിരിക്കുന്നതെന്നും, എത്രയും പെട്ടെന്ന് രക്ഷിക്കാനായില്ലെങ്കിൽ സ്ഥിതി ഇനിയും മോശമാകുമെന്ന് തൃശ്ശൂർ ചാവക്കാട് സ്വദേശിയായ വിദ്യാർഥി ഫാഹിം പറയുന്നു. കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇരുന്നൂറിലധികം വിദ്യാർഥികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
കാർക്കീവിൽ സാഹ്ചര്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ബങ്കറിൽ നിന്നുള്ള വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. സോവിയറ്റ് കാലത്ത് നിർമിച്ച സൗകര്യങ്ങൾ കുറഞ്ഞ ബങ്കറുകളാണിവ. ഇന്നത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമാണ് കയ്യിലുള്ളത്. മറ്റന്നാളത്തേക്ക് വെള്ളമടക്കം തീരും. ഇപ്പോൾ രക്ഷതേടിയിരിക്കുന്ന ബങ്കറിനും, മെട്രോ സ്റ്റേഷനും സമീപം പലഭാഗങ്ങളിലും ഷെൽ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. തുടരെ സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നു. പുറത്തേക്ക് നോക്കിയാൽ പല കെട്ടിടങ്ങളിലും ആക്രമണങ്ങൾ ഉണ്ടാകുന്നത് കാണാം. ഇടതടവില്ലാതെ വെടിയൊച്ചകൾ കേൾക്കുന്നു. ഇനിയും രണ്ട് ദിവസം സമയമാണ് ഇന്ത്യ എംബസി പറയുന്നത്. അത്രയും നേരം അവിടെ തങ്ങുന്നത് സുരക്ഷിതമല്ല. കാർക്കീവിലുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തുന്ന കാര്യം ഇതുവരെ അധികൃതർ അറിയിച്ചിട്ടില്ല.
ഇന്ത്യൻ എംബസി ഇടപെട്ട് എത്രയും വേഗം പ്രദേശത്തുനിന്ന് രക്ഷപ്പെടുത്തണമെന്നാണ് വിദ്യാർഥികൾ അഭ്യർത്ഥിക്കുന്നത്. കിഴക്കൻ മേഖലയിലാണ് തങ്ങളിപ്പോൾ ഉള്ളതെന്നും, രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നത് പടിഞ്ഞാറ് ഭാഗത്ത് മാത്രമാണെന്നും വീഡിയോയിൽ പറയുന്നു. പോളണ്ടിലേക്കോ, ഹംഗറിയിലേക്കോ എത്തിച്ച് അവിടെനിന്നും നാട്ടിലേക്ക് എത്തിക്കണമെന്നാണ് ആവശ്യം. റഷ്യയുടെ അനുവാദമില്ലാതെ സുരക്ഷിതമായി അവിടങ്ങളിലേക്ക് എത്താൻ കഴിയാത്ത സാഹര്യമാണുള്ളത്.