ജനനേന്ദ്രിയം മുറിഞ്ഞത് എങ്ങനെയാണെന്ന കാര്യം മറ്റുള്ളവരെപ്പോലെ തനിക്കും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കുടിക്കാൻ സോഡ നല്‍കിയതു മാത്രമാണ് ഓര്‍മയുള്ളതെന്നും അതിനു ശേഷം നടന്നത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കേസിൽ അന്വേഷണം പൂര്‍ത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്‍റെ ലിംഗം മുറിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെല്ലാം നടന്നത്.
താൻ നിരപരാധിയാണെന്ന് ഒരിടത്തും അവകാശപ്പെട്ടില്ല. എന്നാൽ ചോലീസ് കേസ് ചാര്‍ജ് ചെയ്തതു കൊണ്ടു മാത്രം ആരും കുറ്റക്കാരാകുന്നില്ല. കുറ്റക്കാരനാണോ എന്ന് കോടതിയാണ് കണ്ടെത്തേണ്ടത്. എന്നാൽ തന്‍റെ കാര്യത്തിൽ ഇതൊന്നും ഉണ്ടായില്ലെന്നും ഗംഗേശാനന്ദ ആരോപിച്ചു. മാതൃഭൂമി വാര്‍ത്താ വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:
അന്ന് കേസിൽ ഇരയായ പെൺകുട്ടിയുടെ ദേഹപരിശോധന നടത്താനോ ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ആയുധം കണ്ടെത്താനോ പോലീസ് തയ്യാറായില്ലെന്ന് ഗംഗേശാനന്ദ പറഞ്ഞു. ഇതാരാണ് ചെയ്തതെന്നോ എപ്പോഴാണ് ചെയ്തതെന്നോ അറിയില്ല. താൻ ലിംഗം സ്വയം മുറിച്ചതാണെന്നു കോടതിയിൽ പറയാൻ കാരണമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എവിടെ നിന്നെങ്കിലും കിട്ടിയ കാഷായവസ്ത്രം വാങ്ങി ധരിച്ചു വന്നയാളല്ല താനെന്നും സംഭവം നടക്കുമ്പോള്‍ കേരളത്തിൽ എല്ലായിടത്തും അറിയപ്പെടുന്ന ആളായിരുന്നുവെന്നും ഗംഗേശാനന്ദ പറഞ്ഞു. സംഭവത്തിനു ശേഷം തനിക്കെതിരെ പലയിടത്തും പ്രതിഷേധങ്ങളുണ്ടായെന്നും അതിനു കാരണം സന്യാസവേഷമാണെന്നും അദ്ദേഹം പറഞ്ഞു. ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളിൽ വരെ വാര്‍ത്ത വരാൻ കാരണം പെൺകുട്ടിയോ അയ്യപ്പദാസോ അല്ലെന്നും അതിനു കഴിവുള്ളവര്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്നെ സഹായിക്കാൻ ആരും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read:
എന്നിട്ടും താൻ പ്രതികരിക്കാത്തതിനു കാരണം ഈശ്വരവിശ്വാസമാണ്. അന്ധമായ ഈശ്വരവിശ്വാസമുണ്ടെന്നും താൻ അന്ധവിശ്വാസിയാണെന്ന് അഭിമാനത്തോടെ പറയുമെന്നും ഗംഗേശാനന്ദ പറഞ്ഞു.
എഡിജിപി ബി സന്ധ്യയുടെ വാശിയും വൈരാഗ്യവും മൂലമാണ് കേസുകള്‍ നീണ്ടുപോയതെന്ന് ഗംഗേശാനന്ദ ആരോപിച്ചു. സിപിഎം അടക്കമുള്ള പാര്‍ട്ടികളുമായി അവര്‍ക്ക് വലിയ ബന്ധങ്ങളുണ്ട്. എന്നാൽ മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യങ്ങളെപ്പറ്റി ധാരണയുണ്ടെന്നും അതുകൊണ്ടാണ് ബി സന്ധ്യയെ ക്രമസമാധാനപാലനത്തിൽ നിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ഇരയായ പെൺകുട്ടിയ്ക്ക് അവാര്‍ഡ് നല്‍കണമെന്നാണ് കെ സുധാകരൻ അന്നു പറഞ്ഞതെന്നും എന്നാൽ പെൺകുട്ടി സത്യം പറഞ്ഞതോടെ കേസിൽ പ്രതിയാകുന്ന സാഹചര്യമുണ്ടായെന്നും ഗംഗേശാനന്ദ പറഞ്ഞു.
അതേസമയം, തന്‍റെ ആത്മീയഗുരുവായ നിര്‍മലാനന്ദഗിരി ജീവിച്ചിരുന്നെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നുവെന്നും സ്വാമിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഗംഗേശാനന്ദ പറഞ്ഞു. നിര്‍മലാനന്ദഗിരി സമാധിയായി ഒന്നര മാസത്തിനു ശേഷമാണ് ലിംഗം മുറിച്ച സംഭവമുണ്ടായതന്നും അദ്ദേഹം പറഞ്ഞു.
2017ൽ നടന്ന സംഭവത്തിൽ നിയമവിദ്യാര്‍ഥിനിയായ 23കാരി പീഡനം ചെറുക്കാനായി ഗംഗേശാനന്ദയുടെ ലിംഗം മുറിയ്ക്കുകയായിരുന്നു എന്നാണ് കേസ്. തിരുവനന്തപുരം പേട്ടയിലായിരുന്നും സംഭവം. എന്നാൽ പെൺകുട്ടിയും ഗംഗേശാനന്ദയുടെ സഹായിയായ കാമുകനും ചേര്‍ന്ന് കരുതിക്കൂട്ടിയാണ് പദ്ധതി നടപ്പാക്കിയത് എന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തിൽ കേസിൽ യുവതിയെയും യുവാവിനെയും പ്രതി ചേര്‍ത്ത് പുനരന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.