കൊട്ടാരക്കര
സിപിഐ എം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റും മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷനുമായ ഫൈസൽ ബഷീറിനു നേരെയുണ്ടായ ആക്രമണത്തിൽ 13 ആർഎസ്എസ് –- ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ ഉപയോഗിച്ച അഞ്ചു ബൈക്കും ഒരു കാറും ആർഎസ്എസ് കാര്യാലയത്തിൽനിന്നു പൊലീസ് കണ്ടെടുത്തു. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
ഗുരുതരമായി പരിക്കേറ്റ ഫൈസൽ ബഷീർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. വടിവാൾ കൊണ്ടുള്ള വെട്ടേറ്റ് തലയിൽ എട്ടു തുന്നലുണ്ട്. കമ്പിവടി കൊണ്ടുള്ള മർദനത്തിൽ കൈയും കാലും ഒടിഞ്ഞു. ശനിയാഴ്ച ശസ്ത്രക്രിയ നടത്തും.
വ്യാഴം രാത്രി 9.30ന് കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ പാലത്തിനു സമീപമായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി ആറു ബൈക്കിൽ എത്തിയ എട്ടംഗ സംഘമാണ് ആക്രമിച്ചത്.
ആർഎസ്എസ് ആക്രമണത്തിൽ
പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റും കൊട്ടാരക്കര നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഫൈസലിനെ ആർഎസ്എസ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.
ഫൈസലിനെ ക്രൂരമായാണ് ആർഎസ്എസ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. നാടിന്റെ സമാധാന ജീവിതം തകർക്കാൻ ആർഎസ്എസ് തുടർച്ചയായി അക്രമപരമ്പര സൃഷ്ടിക്കുകയാണ്. കേരള സമൂഹം ഇത് ഗൗരവമായി കാണണം. ബിജെപി–-ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമായാണ് അക്രമപരമ്പരകൾ അരങ്ങേറുന്നതെന്നും വി കെ സനോജ് തലസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.















