സണ്ണിയോടും അദ്ദേഹത്തിനൊപ്പം ചേർന്ന് തലശ്ശേരി പുന്നോലിലെ മത്സ്യത്തൊഴിലാളി സഖാവ് ഹരിദാസിൻ്റെ രക്തസാക്ഷിത്വത്തെ അപമാനിച്ച എം എൻ കാരശേരി മാഷോടും എനിക്കു സഹതാപമാണുള്ളത്. പണ്ഡിതരായ അവരോട് പറയട്ടെ, രാജ്യവും അതിൻ്റെ ഭാഗമായ സംസ്ഥാനവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കണം. അശോകൻ ചരുവിൽ എഴുതുന്നു.
സത്വരാഷ്ട്രീയം എത്രമാത്രം ജനവിരുദ്ധവും പ്രതിലോമകരവുമാകാം എന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എൻ്റെ സുഹൃത്ത് സണ്ണി എം.കപിക്കാട്. മാർക്സിസ്റ്റ് വിരോധമാണ് സണ്ണിയുടേയും കൂട്ടരുടേയും ഉൾപ്രേരണ എന്നാണ് ഞാൻ ധരിച്ചിരുന്നത്. അതുവിട്ട് രാജ്യത്ത് പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെയും മതേതരജീവിതത്തേയും ഒറ്റുകൊടുക്കാനുള്ള ശ്രമങ്ങളും അവർ ആരംഭിച്ചിരിക്കുന്നു. സംഘപരിവാർ പ്രതിസന്ധിയിലാവുമ്പോഴെല്ലാം തന്ത്രപരമായി ഇടപെട്ട് അതിനെ രക്ഷിക്കുക എന്ന ദൗത്യമാണ് അവർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
മാർക്സിസത്തോട് വ്യക്തികളും സംഘടനകളും പുലർത്തുന്ന പ്രത്യയശാസ്ത്ര വിരോധം ഒരു പ്രശ്നമായി ഞാൻ കണക്കാക്കുന്നില്ല. രൂപപ്പെട്ടു വന്ന കാലംമുതലേ എത്രയോ വിമർശനങ്ങളേയും വിയോജിപ്പുകളേയും അത് നേരിട്ടിട്ടുണ്ട്. വിമർശനങ്ങളാട് സംവദിച്ച് വളർന്നു എന്നതാണ് അതിൻ്റെ ഉൾക്കരുത്ത്. വർഗ്ഗവൈരുധ്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു ദർശനം എന്ന നിലയിൽ ഇന്ത്യയിലെ സവിശേഷമായ ദളിത് പ്രശ്നങ്ങളുമായി ആരോഗ്യകരമായ ഒരു സംവാദം അത് ആഗ്രഹിക്കുന്നുണ്ട്. അത്തരം സംവാദങ്ങൾ ഇന്ത്യയിൽ വ്യാപകമായി നടക്കുന്നുമുണ്ട്. എന്നാൽ സണ്ണിപക്ഷം അതിനു തയ്യാറല്ല. പ്രത്യയശാസ്ത്രപ്രശ്നങ്ങൾ അവർക്ക് മുഖാവരണം മാത്രമാണ്.
1970 മുതൽ ആർഎസ്എസ് നിരന്തരമായി സിപിഐ എം പ്രവർത്തകരെ ആക്രമിക്കുന്നതും കൊല്ലുന്നതും എന്തുകൊണ്ട് എന്നു പരിശോധിക്കാൻ സണ്ണിയും കൂട്ടരും ഒരിക്കലും തയ്യാറായിട്ടില്ല. ആശയപരമായും സംഘടനാപരമായും കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയഹിന്ദുത്വത്തിൻ്റെ മുന്നിലെ പ്രധാന തടസ്സം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ ആക്രമണം എന്നത് പകൽവെളിച്ചം പോലെ സത്യമാണ്. സിപിഐ എം പ്രവർത്തകരെ കൊന്നു തീർക്കുക എന്നതു മാത്രമല്ല; കേരളത്തിൻ്റെ സമാധാനജീവിതം തകർക്കുക എന്നതും ഉദ്ദേശമാണ്. കൊലയും അക്രമവും നടത്തുമ്പോൾ സ്വാഭാവികമായും പ്രകോപനവും പ്രത്യാക്രമണവും ഉണ്ടാവും. കൊലചെയ്യപ്പെടുന്നയാൾ രാഷ്ട്രീയപ്രവർത്തകൻ മാത്രമല്ല. അച്ഛനും സഹോദരനും ഭർത്താവും സുഹൃത്തും ഉറ്റബന്ധുവും കൂടിയാണ്. പക പടർന്നു കത്തും. അതുണ്ടാക്കുന്ന കലുഷിതാന്തരീക്ഷത്തിൽ ജനാധിപത്യ മതേതര രാഷ്ട്രീയത്തിനു പ്രസക്തിയുണ്ടാവില്ല. അവിടേക്ക് അരാഷ്ട്രീയരാഷ്ട്രീയത്തിനും മതഭ്രാന്തിനും എളുപ്പത്തിൽ കടന്നു വരാനാവും.
ആർഎസ്എസ് ആക്രമണങ്ങളിൽകൊല്ലപ്പെടുന്ന സഖാക്കളെ അവരുടെ ജാതി മുൻനിർത്തി അരാഷ്ട്രീയവൽക്കരിക്കാനും അവരുടെ ത്യാഗത്തെ അപമാനിക്കാനുമുള്ള സണ്ണിയുടെ നീക്കം വിലപ്പോവുകയില്ല. വയലാർ പുന്നപ്ര സമരങ്ങളിലെ ധീരരക്തസാക്ഷികളെ കേവലം ഈഴവരായിക്കണ്ട് മുതലക്കണ്ണീരൊഴുക്കിയ അന്നത്തെ ജാതിപ്രമാണിരാഷ്ട്രീയത്തിൻ്റെ അവശിഷ്ടമാണത്. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്ത ശേഷം “നവോത്ഥാനം” വലിച്ചെറിഞ്ഞ് സർ സി പി യുടെ അടുക്കളയിലെത്തിയ ഈഴവപ്രമാണികൾ സമുദായത്തിലെ തൊഴിലാളികളുടേയും പട്ടിണിപ്പാവങ്ങളുടേയും ജീവിതപ്രശ്നങ്ങൾ ഉന്നയിക്കാൻ പോലും തയ്യാറായില്ല. തൊഴിലിനും മെച്ചപ്പെട്ട കൂലിക്കും അതുനേടാനുള്ള രാജ്യസ്വാതന്ത്യത്തിനും വേണ്ടി സ്വയം നേതൃത്തമായി സംഘടിച്ച് സമരംചെയ്ത് രക്തസാക്ഷികളായവരെ അപമാനിക്കാനുള്ള ശ്രമത്തിൽ തിരുവതാംകൂർ ഭരണകൂടത്തിനൊപ്പം ചേരുകയാണ് സമുദായ പ്രമാണിമാർ അന്നു ചെയ്തത്.
സണ്ണിയോടും അദ്ദേഹത്തിനൊപ്പം ചേർന്ന് തലശ്ശേരി പുന്നോലിലെ മത്സ്യത്തൊഴിലാളി സഖാവ് ഹരിദാസിൻ്റെ രക്തസാക്ഷിത്വത്തെ അപമാനിച്ച എം എൻകാരശേരി മാഷോടും എനിക്കു സഹതാപമാണുള്ളത്. പണ്ഡിതരായ അവരോട് പറയട്ടെ, രാജ്യവും അതിൻ്റെ ഭാഗമായ സംസ്ഥാനവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യൻ സമൂഹത്തെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള സംഘപരിവാർ നീക്കത്തെ എതിർക്കുന്നവരുടെ ജനകീയമുന്നണിയിൽ നിങ്ങൾ ഉണ്ടാകണം. എത്ര കടുത്തരൂപത്തിലുള്ള മാർക്സിസ്റ്റ് വിരോധവും നിങ്ങൾ പുലർത്തിക്കോളൂ. സഹകരണത്തിനും ഐക്യത്തിനും അത് പ്രതിബന്ധമല്ല. കാരണം ഇവിടെ പ്രതിസന്ധിയിലായിരിക്കുന്നത് മാർക്സിസ്റ്റ് ദർശനമല്ല. നമ്മുടെ കുട്ടികൾക്ക് ജീവിക്കേണ്ട രാജ്യമാണ്.