തൊടുപുഴ > പൊലീസ് ഡേറ്റാബേസിലുള്ള ആർഎസ്എഎസ്, ബിജെപി പ്രവർത്തകരുടെ വിവരങ്ങള് എസ്ഡിപിഐ പ്രവര്ത്തകര്ക്ക് ചോര്ത്തിയ പൊലീസുകാരനെ സര്വീസിൽ നിന്നും പിരിച്ചുവിട്ടു. കരിമണ്ണൂര് പൊലീസ് സ്റ്റേഷനിലെ സിവില് പൊലീസ് ഓഫീസര് പി കെ അനസിനെയാണ് പിരിച്ചുവിട്ടത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആര് കറുപ്പസ്വാമിയാണ് ഉത്തരവിറക്കിയത്.
അനസിനെതിരെ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഇയാൾ ഗുരുതരമായ ക്യത്യവിലോപം കാട്ടിയെന്നായിരുന്നു റിപ്പോർട്ട്. പിരിച്ചുവിടാനും ശുപാര്ശ ചെയ്തു. അനസിന് തൃപ്തികരമായ വിശദീകരണം നൽകാനായില്ലെന്ന് ആർ കറുപ്പസ്വാമി പറഞ്ഞു. നിലവിൽ സസ്പെൻഷനിലായിരുന്ന അനസിനെ ഉടനടി സർവീസിൽ നിന്ന് നീക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് കൈമാറിയത്. രണ്ടുമാസം മുന്പ് തൊടുപുഴ മങ്ങാട്ടുകവലയിൽ കെഎസ്ആര്ടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവര്ത്തകര് ആക്രമിച്ചിരുന്നു. അന്ന് അറസ്റ്റിലായ ആറ് പ്രവര്ത്തരുടെ ഫോണ് പരിശോധിച്ചപ്പോഴാണ് അനസ് ഇവരുമായി ബന്ധപ്പെട്ടിരുന്നത് വ്യക്തമായത്. ഇതില് ഒരാളുമായി പലതവണ അനസ് ആശയവിനിമയം നടത്തിയെന്നും തെളിഞ്ഞു.
വിശദമായ പരിശോധനയിലാണ് പൊലീസ് ഡാറ്റാബേസിലുള്ള ആർഎസ്എഎസ്, ബിജെപി നേതാക്കളുടെ വിവരങ്ങൾ വാട്ട്സാപ്പ് മുഖേന ഇയാള് പലപ്പോഴായി എസ്ഡിപിഐക്കാർക്ക് കൈമാറിയത് തെളിഞ്ഞത്. വിവിധ കേസുകളില് ഉള്പ്പെട്ടവരുടെ ഉൾപ്പെടെ വിവരങ്ങൾ അനസ് ചോര്ത്തി നല്കിയിരുന്നു. ഇതേ തുടർന്നായിരുന്നു സസ്പെൻഷൻ. നര്കോട്ടിക് സെല് ഡിവൈഎസ്പി എ ജി ലാലിൻ്റെ അന്വേഷണത്തില് അനസിനെതിരായ ആരോപണങ്ങള് ശരിവെക്കുകയായിരുന്നു.