കൊച്ചി> തൃക്കാക്കരയിൽ ക്രൂരമർദനത്തിനിരയായ രണ്ടര വയസുകാരിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി. വെന്റലേറ്റർ മാറ്റി. സ്വയം ശ്വസിക്കാൻ കുട്ടിക്ക് കഴിയുന്നുണ്ടെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. അതേസമയം വെന്റിലേറ്റർ ആവശ്യമായി വന്നാൽ ഉപയോഗിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
48 മണിക്കൂറിനുള്ളിൽ കുട്ടിക്ക് അപസ്മാര ബാധ ഉണ്ടായിട്ടില്ല. ശ്വാസഗതിയും ഹൃദയമിടിപ്പും സാധാരണ ഗതിയിൽ. വൈകുന്നേരത്തോടുകൂടി ദ്രവ രൂപത്തിലുള്ള ആഹാരം കൊടുത്തു തുടങ്ങാനായേക്കുമെന്ന പ്രതീക്ഷയിലാണ്.തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനുമുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്.
തെങ്ങോടുള്ള ഫ്ളാറ്റില്‍ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനി ഗംഗാസൗമ്യയുടെ മകളാണ് അക്രമത്തിനിരയായത്. തലച്ചോറിന് ക്ഷതം, മുതുകില്‍ പൊള്ളല്‍ എന്നിങ്ങനെ ഗുരുതര പരിക്കുകളോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകള്‍ പല നാളുകളായി സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചത്.
കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് ഗംഗാസൗമ്യ (38)ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ആവശ്യമായ ചികിത്സ നൽകാത്തതിനാണ് കേസ്. കാക്കനാട് തെങ്ങോട് പഴങ്ങാട്ട് പരീത് റോഡിലെ ഫ്ലാറ്റിൽ ഇവർ വാടകയ്ക്ക് താമസിക്കുകയാണ്. കുട്ടിയുടെ അച്ഛനുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുഞ്ഞിനു മര്‍ദനമേറ്റതു സംബന്ധിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറഞ്ഞിരുന്നത്. ഫ്ളാറ്റിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരി, സഹോദരിയുടെ മകൻ, പങ്കാളി എന്നിവർ കഴിഞ്ഞ ദിവസം അവിടെ നിന്നും പോയതും ദുരൂഹതയാണ്.