കൊച്ചി> കോവിഡിൽ നിശ്ചലമായ സ്കൂൾ കലോത്സവവേദികൾക്ക് പുതുജീവൻ പകരാൻ പ്രാണ ഇൻസൈറ്റ് ഡിജിറ്റൽ ലേണിങ് ആപ്പുമായി സഹകരിച്ച് ദേശാഭിമാനി അക്ഷരമുറ്റം സംഘടിപ്പിക്കുന്ന വെർച്വൽ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രാണ ഇൻസൈറ്റ് ആപ്പിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ പേജിൽ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടിയുടെയും സ്കൂളിന്റെയും പേര്, ഫോൺ നമ്പർ, മത്സരിക്കുന്ന ഇനങ്ങൾ എന്നിവ അപ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. അവസാനതീയതി മാർച്ച് 10.
എൽപി, യുപി, ഹൈസ്ക്കൂള്, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 12 ഇനങ്ങളിൽ ഓൺലൈനായാണ് മത്സരം. ഒരാൾക്ക് അഞ്ച് ഇനത്തിൽ മത്സരിക്കാം. സംസ്ഥാന അടിസ്ഥാനത്തിലാണ് മത്സരം. സ്കൂളിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം മാർച്ച് ഒന്ന് മുതൽ മത്സര ഇനത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്യാം. സാക്ഷ്യപത്രത്തിന്റെ മാതൃക ദേശാഭിമാനി വെബ്സൈറ്റിൽ ലഭ്യമാകും.
പൊതുജനങ്ങൾക്ക് വീഡിയോ കണ്ട് ഇഷ്ടപ്പെട്ട മത്സരാർഥിക്ക് വോട്ട് ചെയ്യാൻ അവസരമുണ്ട്. ഓരോ ഇനത്തിലും പൊതുജനങ്ങളിൽനിന്ന് കൂടുതൽ വോട്ട് ലഭിക്കുന്ന വിദ്യാർഥിയാകും വിജയി. നാല് വിഭാഗങ്ങളിൽനിന്നായി 48 വിജയികൾക്ക് പ്രാണ ഇൻസൈറ്റ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ മെഗാഫൈനലിന്റെ സമ്മാനദാനവേദിയിൽ സമ്മാനങ്ങൾ നൽകും. ഓരോ വിഭാഗത്തിലെയും ഒന്നാംസ്ഥാനക്കാർക്ക് 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് സമ്മാനം.