കൊച്ചി> തന്റെ ജനനേന്ദ്രിയം മുറിച്ചത് ആരാണെന്ന് കണ്ടിട്ടില്ലെന്ന് സ്വാമി ഗംഗേശാനന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ പാവങ്ങളെ ബലിയാടാക്കി തടിയൂരാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കൃത്യം ചെയ്തവരെക്കാള്‍ അതിന് പ്രേരിപ്പിച്ചവരാണ് ശിക്ഷിക്കപ്പെടേണ്ടത്. എല്ലാറ്റിനും തെളിവുണ്ട്.
കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമിയുടെ ജന്മഭൂമി വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഈ സംഭവത്തിന് കാരണം. പിന്നില്‍ പൊലീസിലെ ഉന്നതോദ്യോഗസ്ഥയും താന്‍ വളര്‍ത്തിയ രണ്ടുമൂന്നു പേരുമുണ്ട്. കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കണം. അഞ്ചുവര്‍ഷമായിട്ടും ഈ കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഇനിയും റിപ്പോര്‍ട്ടുകള്‍ വരാനുണ്ട്. കേസില്‍ താന്മാത്രമാണ് പ്രതി. പെണ്‍കുട്ടിയെയും കാമുകനെയും പ്രതിയാക്കാനുള്ള നീക്കത്തെക്കുറിച്ച് കേട്ടറിവുമാത്രമേയുള്ളൂ. പൊലീസ് മാന്യമായാണ് പെരുമാറിയിട്ടുള്ളത്.
ആര്‍ക്കെതിരെയും പരാതി നല്‍കില്ല. അനുഭവിച്ച അപമാനത്തെക്കാളും വേദനയെക്കാളും മോശമായി ഇനി ഒന്നുമില്ല. ചെയ്തത് ആരെന്ന് അറിയില്ലെന്ന് പലവട്ടം പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ വിശ്വസിച്ചില്ല. ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ സ്വയം മുറിവുണ്ടാക്കിയതാണെന്ന് പറഞ്ഞത് അസഹനീയമായ വേദനമൂലമാണെന്നും ഗംഗേശാനന്ദ പറഞ്ഞു. 2017 മെയ് പത്തൊമ്പതിനായിരുന്നു സംഭവം.