കണ്ണൂർ > “ധീര സഖാവേ ഹരിദാസേ… ജീവിക്കുന്നു ഞങ്ങളിലൂടെ…’ വീട്ടുമുറ്റത്ത് നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടെ പുന്നോൽ കൊരമ്പിൽ ഹരിദാസിന് വിടചൊല്ലി നാട്. വൈകീട്ട് 5:30 ഓടെയാണ് ആർഎസ്എസ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ സിപിഐ എം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം സംസ്കരിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു.
തിങ്കളാഴ്ച പുലര്ച്ചെ ഒന്നരയോടെയാണ് പുന്നോല് കൊരമ്പയില് താഴെകുനിയില് ഹരിദാസനെ (54) ആർഎസ്എസ് സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്, ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള് വീട്ടുമുറ്റത്ത് പതിയിരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഹരിദാസന്റെ സഹോദരനടക്കം വീട്ടില്നിന്ന് ഓടിയെത്തിയെങ്കിലും അക്രമികള് ഓടിരക്ഷപ്പെട്ടു. തുടര്ന്ന് ഹരിദാസനെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള് കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പൊലീസ് കണ്ടെടുത്തത്. സ്ഥലത്ത് ഫൊറന്സിക് വിദഗ്ധരും പരിശോധന നടത്തുകയും ചെയ്തു. കണ്ടെടുത്ത ആയുധങ്ങള് മാത്രമാണോ കൊലപാതകത്തിന് ഉപയോഗിച്ചിട്ടുള്ളതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില് ആർഎസ്എസുകാരായ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.
ഹരിദാസന്റെ ശരീരത്തില് ഇരുപതിലധികം മുറിവുകളുണ്ടെന്നാണ് ഇന്ക്വസ്റ്റ് റിപ്പോര്ട്ട്. വാള് അടക്കമുള്ള ആയുധങ്ങള് ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമായതെന്നും ഇന്ക്വസ്റ്റ് റിപ്പോര്ട്ടില് പറയുന്നു.















