കവളങ്ങാട് > നേര്യമംഗലത്ത് മലമുകളിൽ കയറിയ മൂവർസംഘത്തിലെ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. നേര്യമംഗലം നീണ്ടപാറ ഡബിൾകുരിശ് മീമ്പാട്ട് റെന്നി–-ജയ ദമ്പതികളുടെ മകൻ ജെറിനാണ് (21) മരിച്ചത്. ഊന്നുകൽ പൊലീസ് പറയുന്നതിങ്ങനെ: ശനി രാത്രി പത്തോടെ കവളങ്ങാട് പീച്ചാട്ട് മലയിലേക്ക് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ജെറിൻ മല കയറുകയായിരുന്നു. മുകളിലെത്തി മൂവരും ഒരുമിച്ച് മദ്യപിച്ചശേഷം മലമുകളിൽ കിടന്നുറങ്ങി. പുലർച്ചെ മൂന്നരയോടെ ജെറിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് സുഹൃത്തുക്കൾ ഊന്നുകൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ പൊലീസെത്തി മലയിൽ കയറി യുവാവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു. സംസ്കാരം നടത്തി. ജെറിൻ നേര്യമംഗലം പെട്രോൾപമ്പിലെ ജീവനക്കാരനാണ്. സഹോദരി: ജിൽറ്റ.















