ഭർത്താവിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ഭാര്യ നിരന്തരമായി അന്യപുരുഷനുമായി രഹസ്യമായി ഫോണിൽ സംസാരിക്കുന്നത് വിവാഹബന്ധത്തിലെ ക്രൂരതയാണെന്ന് ഹൈക്കോടതി. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുകയുമാണെന്നും ആരോപിച്ച് നൽകിയ വിവാഹമോചന ഹർജി തൊടുപുഴ കുടുംബകോടതി തള്ളിയതിന് എതിരെ ഭർത്താവ് നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖിന്റെയും കൗസർ എടപ്പഗത്തിന്റെയും നിരീക്ഷണം. രണ്ടു പേരും തമ്മിലുള്ള വിവാഹബന്ധം പുനസ്ഥാപിക്കപ്പെടാത്തിടത്തോളം കാലം മുൻകാലങ്ങളിലെ വെറുതെയുള്ള ഒത്തുതീർപ്പുകൾ കൊണ്ട് മാത്രം ഈ ക്രൂരതയെ കുറ്റവിമുക്തമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
തൊടുപുഴയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെച്ച് 2006 മേയിലാണ് ദമ്പതികൾ വിവാഹിതരായതെന്ന് കോടതി രേഖകൾ പറയുന്നു. വിവാഹശേഷം ഇരുവരും എറണാകുളത്തേക്ക് താമസം മാറി. 2007ൽ ഒരു പെൺകുഞ്ഞ് ജനിച്ചു. വിവാഹബന്ധം തുടങ്ങിയ ശേഷം ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ രൂപപ്പെട്ടതായാണ് രേഖകൾ പറയുന്നത്.
വിവാഹമോചനം തേടി 2008ലും 2010ലും ഭർത്താവ് തൊടുപുഴ കുടുംബകോടതിയെ സമീപിച്ചു. വിവാഹസമയത്ത് നൽകിയ സ്വർണ്ണവും പണവും തിരികെ ആവശ്യപ്പെട്ട് 2011ൽ ഭാര്യയും ഹർജി ഫയൽ ചെയ്തു. കുടുംബങ്ങളും അഭ്യുദയകാംക്ഷികളും ഇടപെട്ടതിനെ തുടർന്ന് ഈ ഹർജികളെല്ലാം പിൻവലിച്ചു. 2012ൽ വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെങ്കിലും ഭർത്താവിനും അമ്മക്കും സഹോദരിക്കും എതിരെ കുറുപ്പംപടി പൊലീസിൽ ഐ.പി.സി 498ാം വകുപ്പ് പ്രകാരം കേസ് നൽകുകയാണ് ഭാര്യ ചെയ്തത്.
ഈ സംഭവത്തിന് ശേഷം വിവാഹമോചനം തേടി 2013ൽ യുവാവ് വീണ്ടും കുടുംബകോടതിയെ സമീപിച്ചു. വിവാഹബന്ധത്തിലെ ക്രൂരതയും അവിഹിതബന്ധ ബന്ധവുമായിരുന്നു ആരോപണം. സ്വർണ്ണവും പണവും തിരികെ ആവശ്യപ്പെട്ട് ഭാര്യയും ഹർജി നൽകി. മകളുടെ രക്ഷിതാവായി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് മറ്റൊരു ഹർജിയും നൽകി.
പക്ഷെ, ഭർത്താവിന്റെ രണ്ടു ഹർജികളും കുടുംബകോടതി തള്ളി. ഭാര്യയുടെ ഹർജി ഭാഗികമായി അനുവദിക്കുകയും ചെയ്തു. മുൻകാലങ്ങളിൽ ഫയൽ ചെയ്ത രണ്ടു വിവാഹമോചന ഹർജികൾ ഭർത്താവ് പിൻവലിച്ചതാണെന്നും ആരോപിക്കപ്പെട്ട ക്രൂരതകൾക്ക് ഭർത്താവ് മാപ്പ് നൽകിയിരുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബകോടതി പുതിയ വിവാഹമോചന ഹർജി തള്ളിയത്. ആദ്യ രണ്ടു വിവാഹമോചന ഹർജികൾ ഒത്തുതീർപ്പാക്കിയ ശേഷം ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നുവെന്നും കുടുംബകോടതി വിശദീകരിച്ചു.
തുടർന്നാണ് അപ്പീലുമായി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെയും കേസിൽ എതിർകക്ഷിയാക്കി. ഇയാൾ പക്ഷെ, കേസിന്റെ നടപടികളിൽ പങ്കെടുത്തില്ല. വിവാഹം കഴിഞ്ഞ ഉടൻ തന്നെ ഭാര്യ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കാൻ തുടങ്ങിയതായി ഭർത്താവ് വാദിച്ചു. ”നിന്ദ്യമായ സംസാരം, വീട്ടിൽ ഒരുമിച്ച് ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ, ആത്മഹത്യാഭീഷണി, സെക്‌സിന് വിസമ്മതിക്കൽ, സ്വന്തം വീട്ടിൽ തിരികെ ആക്കാൻ നിർബന്ധിക്കൽ, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കൽ, അമ്മയെ ആക്ഷേപിക്കൽ,”–തുടങ്ങിയ ആരോപണങ്ങളാണ് ഭർത്താവ് ഉന്നയിച്ചത്.
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് മുമ്പ് ഫയൽ ചെയ്ത രണ്ടു വിവാഹമോചന ഹർജികളും പിൻവലിച്ചതെന്നും ഭർത്താവ് വാദിച്ചു. പക്ഷെ, അമ്മക്കും സഹോദരിക്കും എതിരെ പൊലീസിൽ പരാതി നൽകുകയാണ് ഭാര്യ ചെയ്തത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ട്. വിവാഹത്തിന് മുമ്പുണ്ടായിരുന്ന ബന്ധം വിവാഹശേഷവും തുടർന്നു എന്നാണ് ആരോപിച്ചത്. ഇതിന് തെളിവായി ഭാര്യയും രണ്ടാം എതിർകക്ഷിയായ യുവാവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും സി.ഡിയിലാക്കി സമർപ്പിച്ചു.
അവിഹിതബന്ധം ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെടുന്ന കേസുകളിൽ അവിഹിതബന്ധം തെളിയിക്കാൻ സംശയാതീതമായ തെളിവുകൾ ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ”അവിഹിത ബന്ധത്തിന്റെ നേർ തെളിവുകൾ അപൂർവ്വമായി മാത്രമേ ലഭിക്കൂ. സാഹചര്യ തെളിവുകൾ മാത്രമേ ലഭിക്കൂയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കിലും തീരുമാനമെടുക്കാൻ വേണ്ട ശക്തമായ സാഹചര്യ തെളിവുകൾ വേണം. ആരോപണം യുക്തിഭദ്രമായി തെളിയിക്കാൻ സാധിക്കുകയും വേണം.”–കോടതി പറഞ്ഞു.
തൊടുപുഴയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു യുവതി. രണ്ടാം എതിർകക്ഷി ഈ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. വിവാഹത്തിന് മുമ്പ് തന്നെ ഇയാളുമായി ഭാര്യക്കു ബന്ധമുണ്ടെന്നാണ് ഭർത്താവ് വാദിച്ചത്. ആദ്യ രണ്ട് വിവാഹമോചന ഹർജികളും ഫയൽ ചെയ്ത ശേഷമാണ് ഈ വിവരം അറിഞ്ഞതെന്നും ഭർത്താവ് ഹൈക്കോടതിയെ അറിയിച്ചു.
രണ്ടാം എതിർകക്ഷിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളെല്ലാം തൊഴിലിന്റെ ഭാഗമായുള്ളതാണെന്നാണ് ഭാര്യ വാദിച്ചത്. തുടർന്ന് 2012 ഒക്ടോബർ മുതൽ 2013 ഏപ്രിൽ വരെയുളള ഫോൺ വിളി രേഖകൾ കോടതി പരിശോധിച്ചു. 2013 ഫെബ്രുവരി 28ന് രാത്രി 10.45നും 10.55നും ഇടയിൽ പത്ത് തവണ ഫോൺ ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം മിസ്ഡ് കോളായി. ഈ ഫോൺ വിളികളെ അവിഹിത ബന്ധത്തിന് തെളിവായി കാണാനാവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. പക്ഷെ, മാനസിക ക്രൂരതക്ക് തെളിവായി എടുക്കാനാവുമോ എന്നാണ് പരിശോധിച്ചത്. ഫോൺ വിളിക്കുന്നത് നിർത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നിരുന്നതായി ഭർത്താവ് കോടതിയെ അറിയിച്ചു.
”രണ്ടാം എതിർകക്ഷിയുമായി ഫോണിൽ സംസാരിക്കുന്നതിനെ ഭർത്താവ് ചോദ്യം ചെയ്തിട്ടും ഭർത്താവിന് അത് ഇഷ്ടമില്ലാതിരുന്നിട്ടും ഭാര്യ ഫോൺ ചെയ്തു കൊണ്ടിരുന്നു. ഇടക്ക് മാത്രമേ ഫോൺ ചെയ്യുമായിരുന്നുള്ളൂ എന്നാണ് ഭാര്യ പറയുന്നത്. പക്ഷെ, രേഖകൾ പറയുന്നത് തിരിച്ചാണ്”–ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയുടെ പരാതിയിൽ കുറുപ്പംപടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവിനെയും അമ്മയെയും സഹോദരിയെയും പെരുമ്പാവൂർ ജെ.എഫ്.സി.എം വെറുതെവിട്ടിരുന്നതായും ഹൈക്കോടതി നിരീക്ഷിച്ചു. ”ഭർത്താവ് നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് രണ്ടാം എതിർകക്ഷിയെ നിരന്തരമായി ഫോൺ ചെയ്യുകയും ഭർത്താവിനും അമ്മക്കും സഹോദരിക്കും എതിരെ വ്യാജ ക്രിമിനൽ കേസ് നൽകിയതും മാനസിക ക്രൂരതയായി കാണണം. ഇവയെല്ലാം മുൻകാല ക്രൂരതകളെ പുനർജീവിപ്പിക്കുന്നതാണ്. അതിനാൽ വിവാഹമോചനം അനുവദിക്കാത്ത കുടുംബകോടതി വിധി നിയമവിരുദ്ധമാണ്.”. തുടർന്നാണ് വിവാഹമോചനം അനുവദിച്ച് ഉത്തരവിറക്കിയത്.
****