മാന്നാർ> ഗുരുവായൂര് ക്ഷേത്രം തിടപ്പള്ളിയിലേക്ക് മാന്നാര് വിശ്വകര്മജരുടെ കരവിരുതില് നാലുകാതന് വാര്പ്പ്. ആയിരം ലിറ്റര് പാല്പായസം തയ്യാറാക്കാനാണ് വാര്പ്പ്. മുഖ്യശില്പ്പി പരുമല തിക്കപ്പുഴ പന്തപ്ലാതെക്കേതിൽ കാട്ടുമ്പുറത്ത് അനന്തൻ ആചാരിയും (67) മകൻ അനു അനന്തനും ചേർന്നാണ് നിര്മാണം. 2000ലധികം കിലോ ഭാരവും 17.5 അടി വ്യാസവും 21.5 അടി ചുറ്റളവുമുണ്ട്.
പാലക്കാട് സ്വദേശി കൊടൽവള്ളിമന കെ കെ പരമേശ്വരൻ നമ്പൂതിരിയും കുടുംബവുമാണ് വാർപ്പ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിക്കുന്നത്. രണ്ടരമാസത്തില് 40ഓളം തൊഴിലാളികള് ചേര്ന്നാണ് നിര്മാണം. വെങ്കല നിർമാണത്തിൽ പേരുകേട്ട മാന്നാർ ആലയ്ക്കൽ രാജന്റെ സഹായവുമുണ്ടായി. വെങ്കലം, പഴഓട്, ചെമ്പ്, വെളുത്തീയം എന്നിവ ഉപയോഗിച്ചു. ചുറ്റിലും ഗജലക്ഷ്മി, ഗൗളി എന്നീ ചിത്രങ്ങളും വഴിപാടുകാരന്റെ പേരുമുണ്ട്.
തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശത്തെ തുടർന്നാണ് നിർമാണം ഏറ്റെടുത്തതെന്നും ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും വലിപ്പമേറിയ വാർപ്പാണിതെന്നും അനന്തനാചാരി പറഞ്ഞു. ഏഴാം ഉത്സവദിനമായ ഞായര് രാവിലെ വാർപ്പ് സമർപ്പിക്കും. ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ് തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ സ്വർണ കൊടിമരങ്ങൾ നിർമിച്ചത് അനന്തൻ ആചാരിയാണ്. നിവേദ്യപാത്രങ്ങളും വിളക്കുകളും തയ്യാറാക്കുന്നുണ്ട്. ക്ഷേത്ര അറ്റകുറ്റപ്പണികളും ഏറ്റെടുത്ത് നടത്തുന്നു.