തൃശൂർ> റേഷൻ കടകൾവഴി അക്ഷയ സേവനങ്ങൾ നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് ആവശ്യപ്പെട്ടു. ഇത് അക്ഷയകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഇല്ലാതാക്കാനും രാജ്യത്തിന് മാതൃകയായ അക്ഷയ പദ്ധതിയെ തകർക്കാനും ഇടയാക്കും.
ഈ സാഹചര്യത്തിൽ അക്ഷയ കേന്ദ്രങ്ങളെ സംരക്ഷിക്കാനുള്ള നിലപാടുകൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ഓൺലൈൻ സേവനങ്ങൾ നൽകുന്നതിന് 2002ൽ സർക്കാർ ആരംഭിച്ച പദ്ധതിയാണ് അക്ഷയ. നിലവിൽ സംസ്ഥാനത്തെ 3000 അക്ഷയ കേന്ദ്രങ്ങളിലായി 15,000ലേറെപ്പേർ തൊഴിലെടുക്കുന്നുണ്ട്. അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങളെ നിയന്ത്രിക്കാനും അക്ഷയ കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും സർക്കാർ ഉത്തരവുകൾ നിലനിൽക്കെയാണ് അക്ഷയയുടെ സേവനങ്ങൾ റേഷൻ കടകളിലേക്കും വ്യാപിപ്പിക്കാൻ നീക്കം നടത്തുന്നതെന്നും അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് ചൂണ്ടിക്കാട്ടി.