തിരുവനന്തപുരം > ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘ്പരിവാറിന്റെ തിരുവനന്തപുരത്തെ വക്താവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാറുമായി വിലപേശിയ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി പദവിക്ക് നിരക്കാത്തതാണ്. ഗവർണറായിരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ല. അഞ്ച് രാഷ്ട്രീയപാർട്ടികളിൽ അലഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ല.
സംസ്ഥാന സർക്കാറിനേയും പ്രതിപക്ഷത്തേയും ഗവർണർ വിമർശിക്കുകയാണ്. ബിജെപി ചെയ്യേണ്ട കാര്യമാണ് ഗവർണർ ചെയ്യുന്നത്. ലോകയുക്ത ഓർഡിനൻസിൽ ഒപ്പിട്ടപ്പോൾ അത് ഭരണഘടന ബാധ്യതയാണെന്ന് പറഞ്ഞ ഗവർണർ പക്ഷേ നയപ്രഖ്യാപന പ്രസംഗം വന്നപ്പോൾ നിലപാട് മാറ്റി – സതീശൻ പറഞ്ഞു.
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഗവർണർ വിമർശിച്ചത്. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പരിഹസിച്ചിരുന്നു.