കൊച്ചി: കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് മുൻപും പിൻപും കൊലയാളികൾപി.വി. ശ്രീനിജൻ എംഎൽഎയുമായി ബന്ധപ്പെട്ടെന്നു. കൊലപാതക കേസിലെ ഒന്നാം പ്രതി ശ്രീനിജനാണെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീനിജൻ എംഎൽഎ ആയതിനുശേഷം കഴിഞ്ഞ പത്ത് മാസത്തിനിടെ 50-ലധികം ട്വന്റി 20 പ്രവർത്തകാണ് ആക്രമിക്കപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടാൽ അവരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കുന്ന സാഹചര്യമുണ്ട്. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
ഫെബ്രുവരി 5-നാണ് ട്വന്റി 20 ലൈറ്റണക്കൽ സമരം പ്രഖ്യാപിച്ചത്. 5-നും 12-നുമിടയിലാണ് കൊലപാതകം നടത്തുന്നതിനുള്ള വലിയ ഗൂഢാലോചന നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രൊഫഷണൽ സംഘമാണ് ദീപുവിന്റെ കൊലപാതകം നടത്തിയതെന്നും സാബു ജേക്കബ് ആരോപിച്ചു.
അതിനിടെ, ട്വന്റി 20 പ്രവർത്തകന്റെ മരണത്തിൽ നാല് സിപിഎം പ്രവർത്തകർക്കെതിരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത നാല് പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. അതേസമയം കിഴക്കമ്പലത്ത് മർദ്ദനമേറ്റ് മരിച്ച ട്വന്റി 20പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽവെച്ചാണ് പോസ്റ്റുമോർട്ടം.
എന്നാൽ, ദീപുവിന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് പി.വി. ശ്രീനിജൻ എം.എൽ.എ. ആവശ്യപ്പെട്ടു. തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. അതിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധം തനിക്കില്ല.കുറ്റാരോപിതരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. മരണപ്പെട്ട വ്യക്തി ആശുപത്രിയിൽ നൽകിയ മൊഴിയിൽ മർദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതോടൊപ്പം ഗുരുതരമായ വേറെ രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. സംഭവത്തെ സി.പി.എമ്മിനെതിരേ തിരിക്കാനുള്ള ഗൂഢ നീക്കവും രാഷ്ട്രീയവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ശ്രീനിജൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlights: P.V. Sreenijin MLA isthe first accused in the Kizhakkambalam Deepu murder case says Twenty20 Chief Cordinator Sabu Jacob