തിരുവനന്തപുരം > കെ റെയിലിനെതിരെ ഇ ശ്രീധരനെ പങ്കെടുപ്പിച്ച് കോൺഗ്രസ് ബോധവത്ക്കരണ സെമിനാർ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിലെ കർഷക സമരത്തിന്റെ മാതൃകയിൽ ശക്തമായ പ്രക്ഷോഭം നടത്തും. 1000 പൊതുയോഗങ്ങളും സെമിനാറുകളും നടത്താനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. കെ റെയിലിന് കുറ്റിയടിക്കാൻ സമ്മതിക്കില്ല. സർവെ തടയുമെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. മാർച്ച് ഏഴിന് കളക്ടറേറ്റ് മാർച്ച് നടത്തും.
പാലക്കാട് ബിജെപി സഥാനാർത്ഥിയായിരുന്ന ഇ ശ്രീധരനെ സെമിനാറിൽ പങ്കെടുപ്പിക്കുന്നതിനെ സുധാകരൻ ന്യായീകരിച്ചു. കെ റെയിലിന് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് എണീറ്റ് നിന്ന് പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ധൈര്യമുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. ഡൽഹിയിൽ കേന്ദ്ര റെയിൽവെ മന്ത്രിയെ സന്ദർശിച്ച് കെ റെയിലിനെതിരെ നിവേദനം നൽകിയ ബിജെപി സംഘത്തിൽ അംഗമായിരുന്നു ഇ ശ്രീധരൻ.