കൊച്ചി:നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നകേസിൽ നടൻ നാദിർഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റേയും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതൽ പേരെവരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.
ഫോൺ കോൾ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ഗൂഢാലോചനകേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനായാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു.
കേസിൽ ദിലീപിനേയും വീണ്ടും ചോദ്യംചെയ്യും. ഇതുസംബന്ധിച്ച നോട്ടീസ് ക്രൈംബ്രാഞ്ച് കൈമാറിയിട്ടുണ്ട്. കൂട്ടുപ്രതികളായ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ് എന്നിവർക്കും നോട്ടീസ് നൽകി.
പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ദിലീപിനെ ചോദ്യംചെയ്യുന്നത്.
അനൂപിന് കഴിഞ്ഞ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ എത്തിയില്ല. ബന്ധു മരിച്ചതിനാലാണ് ഹാജരാകാത്തത് എന്നായിരുന്നു മറുപടി. സുരാജിന് തിങ്കളാഴ്ച ഹാജാരാകാനാണ് നോട്ടീസ്. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യംചെയ്യുക.
അതേസമയം കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.