അതേസമയം, ഗവര്‍ണറുടെ നിലപാടിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കാൻ യുഡിഎഫ് തീരുമാനിച്ചു. സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും പൊതുഭരണ സെക്രട്ടറിയെ സർക്കാർ ഗവർണറിനു വേണ്ടി ബലിയാടാക്കിയെന്നും പ്രതിപക്ഷം വിമർശിച്ചു. സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. എന്നാൽ സുപ്രധാന ദിവസം സഭയിലെത്താതിരുന്ന പ്രതിപക്ഷത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഷേധിക്കാനുള്ള സമയം ഇതല്ലെന്നായിരുന്നു ഗവർണറുടെ വിമർശനം. എന്നാൽ ഒത്തുതീര്‍പ്പിൻ്റെ ഭാഗമായി ഇന്നലെ പുറത്താക്കിയ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലും സഭയിലെത്തിയിട്ടുണ്ട്.
Also Read:
അതേസമയം, സുപ്രധാന വിഷയങ്ങളിൽ പലതിലും കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും നിയമനിര്‍മാണങ്ങള്‍ ഏകപക്ഷീയമാണെന്നുമാണ് നയപ്രഖ്യാപനത്തിലെ വിമര്‍ശനം. മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാമെന്നും തമിഴ്നാടിനു വെള്ളം കൊടുക്കാമെന്നും നയപ്രഖ്യാപനത്തിൽ പരാമര്‍ശമുണ്ട്. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിലും കുറവുണ്ട്. ചെലവുകള്‍ കൂടിയിട്ടും വിഹിതം കൂടുന്നില്ലെന്നും പ്രതിസന്ധിഘട്ടത്തിൽ സഹായിക്കാൻ തയ്യാറാകുന്നില്ലെന്നുമാണ് കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനം. കേരളം രാജ്യത്ത് ദാരിദ്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണെന്നും സുസ്ഥിര വികസന സൂചികകളിൽ ഏറ്റവും മുന്നിലാണെന്നുമാണ് പരാമര്‍ശം. അതേസമയം, സർക്കാരിൻ്റെ സുപ്രധാന പദ്ധതികളെപ്പറ്റി ഗവർണർ പരാമർശിക്കുമ്പോൾ പ്രതിപക്ഷം ഡെസ്കിലടിച്ച് പിന്തുണ നൽകുന്ന പതിവ് ഇത്തവണയുണ്ടായില്ല.
Also Read:
സിൽവര്‍ലൈൻ പദ്ധതി പരിസ്ഥിതി സൗഹൃദപരമാണെന്നും പദ്ധതിയ്ക്ക് ഉടൻ കേന്ദ്രാനുപതി പ്രതീക്ഷിക്കുന്നുവെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കുമെന്നും ഗതാഗതത്തിനു കൂടുതൽ സൗകര്യവും വേഗതയും കൈവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനാണ് ശ്രമമെന്നും സംരംഭകരുടെ പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹാരം കാണുമെന്നും സര്‍ക്കാര്‍ നയം വ്യക്തമാക്കി.
അതേസമയം, ഗവർണറും എംഎൽഎമാരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടും വേണ്ടെന്നു വെച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച സാഹചര്യത്തിലാണ് ഫോട്ടോഷൂട്ട് മാറ്റിവെച്ചത്.
പേഴ്സണൽ സ്റ്റാഫ് നിയമനം അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാണിച്ച് ഗവർണർ നയപ്രഖ്യാപന പ്രസംഗം ഒപ്പിടുന്നതു വൈകിപ്പിച്ചതോടെയാണ് സർക്കാരും ഗവർണറും തമ്മിൽ വീണ്ടും തെറ്റിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയായിരുന്നു. നയപ്രഖ്യാപനത്തിൽ ഒപ്പിടേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. അതേസമയം, ഗവർണറുടെ നിലപാടിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.