തിരുവനന്തപുരം
വിവിധ ആവശ്യങ്ങളുന്നയിച്ച് മാർച്ച് ഏഴിന് രാവിലെ കലക്ടറേറ്റുകൾക്ക് മുമ്പിൽ പ്രകടനവും ധർണയും നടത്താൻ കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലാണ് ധർണ. കർഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശ്ശിക തീർക്കാൻ സർക്കാർ സഹായം നൽകുക, വർധിപ്പിച്ച അംശാദായത്തിനനുസരിച്ച് ആനുകൂല്യങ്ങളിലും വർധന വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.
കേരളത്തിലെ ആദ്യത്തെയും ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതുമായ കർഷകത്തൊഴിലാളി ക്ഷേമനിധി കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. ആനുകൂല്യങ്ങൾ വൻതോതിൽ കുടിശ്ശികയാണ്. വിവിധ സന്ദർഭങ്ങളിൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരുകൾ നൽകിയ സാമ്പത്തിക സഹായംകൊണ്ടാണ് ക്ഷേമനിധി ഒരു പരിധിവരെ പിടിച്ചുനിന്നത്. ഒന്നാം പിണറായി സർക്കാർ 130 കോടി രൂപയും രണ്ടാം തവണ 20 കോടിയും അനുവദിച്ചു. ഈ സഹായം കൊണ്ടാണ് കുടിശ്ശികയിൽ അൽപ്പമെങ്കിലും കുറവ് വരുത്താനായത്. സർക്കാരിന്റെ ഭാഗത്തുനിന്ന് കുറേ കൂടി സഹായം ലഭിച്ചില്ലെങ്കിൽ ക്ഷേമനിധി കൂടുതൽ അവതാളത്തിലാകും. 2021–-22 ബജറ്റിൽ പ്രഖ്യാപിച്ച 100 കോടിയിൽ 20 കോടി മാത്രമാണ് ഇതിനകം ക്ഷേമനിധിക്ക് ലഭ്യമായത്. ബാക്കി തുക അനുവദിക്കണം. 2022-–-23 വർഷത്തെ ബജറ്റിൽ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനാവശ്യമായ സംഖ്യ കൂടി അനുവദിക്കുന്നതിനുള്ള പ്രഖ്യാപനവും ഉണ്ടാകണം.
സമരം വിജയിപ്പിക്കാൻ എല്ലാ കർഷകത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ പ്രസിഡന്റ് എൻ ആർ ബാലൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.















