തിരുവനന്തപുരം: കനോലി കനാൽ നവീകരിക്കുന്നതോടെ മലബാറിന്റെ മുഖഛായ മാറുമെന്ന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന്റെ ചരക്ക് ഗാതാഗതത്തിൽ സുപ്രധാന സ്ഥാനമാണ് ജലഗതാഗതത്തിനുള്ളത്. കാലം മാറിയപ്പോൾ കൈമോശം വന്ന ഈ പാതകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
തെക്ക് കോവളം മുതൽ വടക്ക് ബേക്കൽ വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാൽ ജലപാത നിലവാരത്തിൽ വികസിപ്പിക്കുക എന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി ടൂറിസം സാധ്യതകൾക്ക് വലിയ പ്രാധാന്യമുണ്ട്.
ഇതിന്റെ ഭാഗമായ കോഴിക്കോട് നഗരത്തിലെ കനോലി കനാലിന് ഒട്ടേറെ ചരിത്ര പ്രാധാന്യമുണ്ട്. ഇതിനെ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. 1848 ൽ പൂർത്തീകരിച്ച കനാൽ വികസിപ്പിക്കാൻ 1118 കോടിയുടെ പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഒരുകാലത്തെ പ്രധാന ജലഗതാഗത മാർഗമായിരുന്നെങ്കിലും കാലക്രമേണെ ഇത് നശിച്ചു. ഈ സ്ഥിതി മാറ്റിയെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കോഴിക്കോട് പട്ടണത്തിനും മലബാർ മേഖലയ്ക്കാകെയും വലിയ മാറ്റങ്ങൾ കൊണ്ടുവരും. കോഴിക്കോട് നഗരത്തെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയായ വെള്ളക്കെട്ട പ്രശ്നം പൂർണമായും അവസാനിക്കും.
വിനോദ സഞ്ചാര മേഖലയിലും ഇത് കുതിപ്പുണ്ടാക്കും. ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നായി ഇത് മാറും. പല യൂറോപ്യൻ രാജ്യങ്ങളിലുമെന്ന പോലെ നഗര തിരക്കിനിടയിലും ജലപാതയെന്ന മനോഹര കാഴ്ച കാണാനാകും. വിനോദ സഞ്ചാരത്തിന്റെ ചിത്രം തന്നെ മാറ്റുന്ന ഈ രീതി വലിയ മാറ്റങ്ങൾക്ക് കാരണമായി മാറും.
മാത്രമല്ല നിരവധി പേർക്ക് തൊഴിൽ നൽകുന്ന ഒന്നായി ഇത് മാറും. ഇതിന് പുറമെ ചരക്ക് ഗതാഗതവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. സമയ ബന്ധിതമായി, എല്ലാവരെയും യോജിപ്പിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ തീരുമാനം വഴി കോഴിക്കോടിനും കേരളത്തിനും വിനോദസഞ്ചാരം , ചരക്ക് ഗതാഗതം എന്നിവയിൽ വലിയ കുതിപ്പിന് കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ല- മന്ത്രി പറഞ്ഞു.