കോട്ടയം> ‘കിടുക്കി…തിമിര്ത്തു…കലക്കി…’ എന്ന് പറയുമ്പോഴേ കോട്ടയം പ്രദീപിന്റെ മുഖം മനസില് തെളിയുന്നവരാണ് മലയാളി പ്രേക്ഷകര്. വീട്ടിലായാലും നാട്ടിലായാലും സൊറ സദസുകളില് പ്രദീപിന്റെ പഞ്ച് ഡയലോഗുകള് ഇനിയും ചിരിപ്പിച്ചുകൊണ്ടേയിരിക്കും. കോട്ടയം പ്രദീപിന്റെ ആകാരവും ഭാഷാപ്രയോഗവും ശൈലിയുമെല്ലാം വെള്ളിത്തിരക്കപ്പുറം പ്രേക്ഷകര് ഏറ്റെടുത്തു. ഇപ്പോള് സൈബറിടത്ത് ട്രോളുകളിലും ഇതേ വാചകങ്ങള് നിറയുന്നു.
‘കട്ടപ്പനയിലെ ഹൃതിക് റോഷന്’ സിനിമയില് സിദ്ദിഖും സലിംകുമാറും ലിജോമോളും സീമ ജി നായരും ചേര്ന്ന രംഗത്തില് പ്രദീപിന്റെ ‘കിടുക്കി…തിമിര്ത്തു’ ഡയലോഗ് തീയറ്ററില് ചിരിപടര്ത്തിയപ്പോള് ഇതേ ശൈലിയിലുള്ള പ്രദീപിന്റെ സംഭാഷണം തമിഴ്ചിത്രമായ ‘വിണ്ണൈത്താണ്ടി വരുവായ’യിലും ഹിറ്റായി. ഈ സിനിമ തനിക്ക് ബ്രേക്ക് ആയെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. നായിക തൃഷയുടെ അമ്മാവന് ജോര്ജ് അങ്കിളാണ് പ്രദീപിന്റെ കഥാപാത്രം. തീന്മേശയ്ക്കരുകില് നിന്ന് ‘ഫിഷുണ്ട്, ചിക്കനുണ്ട്, മട്ടനുണ്ട്, കരിമീന് വറുത്തതുണ്ട്, കഴിച്ചോ, കഴിച്ചോ’ എന്നു പറഞ്ഞ പ്രദീപ് അതേ ചിത്രം തെലുങ്കിലും ഹിന്ദിയിലും ഇറക്കിയപ്പോഴും മലയാളം പറഞ്ഞ് തിളങ്ങി.
അഭിനയമോഹമില്ലാതെ ഈ സിനിമയുടെ ഓഡിഷനില് പോയ പ്രദീപിന് ഗൗതംമേനോനെ കാണുകയായിരുന്നു ഉദ്ദേശം. അവിചാരിതമായി സിനിമയിലേക്ക് വിളി വന്നു. ഒറ്റ ഡയലോഗില് തീയറ്റര് ഇളക്കിമറിച്ചത് പിന്നീടുള്ള ചരിത്രം. പത്താം വയസ്സില് എന് എന് പിള്ളയുടെ ‘ഈശ്വരന് അറസ്റ്റില്’ നാടകത്തില് ബാലതാരമായി അഭിനയം തുടങ്ങിയതാണ് കോട്ടയം തിരുവാതുക്കല് കറുകപ്പുറം വീട്ടില് രാഘവന്റെയും പത്മയുടെയും മകനായ കെ കെ പ്രദീപ്. സിനിമയിലെത്തിയപ്പോള് കോട്ടയം പ്രദീപായി. സ്കൂള് യുവജനോത്സവങ്ങളില് സജീവമായ പ്രദീപ് പാട്ടിലും ഏകാംഗ നാടകത്തിലും തിളങ്ങി. ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്ത്തിയാക്കി. 1989 മുതല് എല്ഐസി ഉദ്യോഗസ്ഥനായി. ജോലിക്കിടെയാണ് സിനിമാഭിനയം തുടര്ന്നത്.