തൃശൂർ> തൃശൂർക്കാരുടെ ഇഷ്ടമീനായ ബ്രാലാണ് ഇപ്പോൾ ചലച്ചിത്രപേമികൾക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. നിരവധി അംഗീകാരങ്ങൾ നേടി ഈ കൊച്ചുസിനിമ കുതിയ്ക്കുന്നത് വ്യത്യസ്ത കാഴ്ചയുടെ വിതാനം ഒരുക്കിയാണ്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവം മൂന്നുകുടുംബങ്ങളുടെ ഒരുദിവസത്തെ ജീവിതത്തിലൂടെയാണ് സംവിധായകൻ അബ്രു സൈമണും കൂട്ടരും തിരശീലയിലെത്തിച്ചത്.
അലസനായ നാട്ടുമ്പുറത്തുകാരനായ ധർമൻ അപ്രതീക്ഷിതമായി ബ്രാലിനെ ചൂണ്ടയിട്ടു പിടിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് അരമണിക്കൂറോളമുള്ള സിനിമയുടെ ഇതിവൃത്തം. വേലികളില്ലാത്ത വീടുകളിൽ താമസിക്കുന്ന ഗ്രാമീണരും കുശുമ്പും കുന്നായ്മയും വഴക്കും വക്കാണവുമായാണ് സിനിമ ഒഴുകുന്നത്.
മീനുകളുമായുള്ള ചിത്രീകരണം പ്രയാസകരമായിരുന്നെങ്കിലും സിനിമ ഒരുങ്ങിയപ്പോൾ കുടംപുളിയിട്ടു വച്ച അസ്സൽ മീൻകറിയുടെ ചേലുണ്ടെന്ന് ആസ്വാദകർ. സി വി ജോഫിയും അനുപമാലക്ഷ്മിയും ചേർന്ന് നിർമിച്ച ബ്രാലിന് തിരക്കഥ ഒരുക്കിയത് വിജോ അമരാവതി, അബ്രു സൈമൺ, ശ്രീരാജ് എന്നിവരാണ്. കെ എസ് പ്രതാപൻ, സി ആർ രാജൻ, പൂത്തറക്കൽ രാജൻ, ഗോപാലൻ, സന, തോമസ് ചെറുവീട്ടിൽ തുടങ്ങിയവരാണ് അഭിനയം. ഛായാഗ്രഹണം ടി പി അശ്വഘോഷൻ. എഡിറ്റിങ് ആനന്ദരാംദാസ്, സംഗീതം സുനിൽകുമാർ.
ഗ്രേറ്റ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ഇൻഡീ സിനി ഫെസ്റ്റ്, പുണെ ഷൊർട് ഫിലിം ഫെസ്റ്റ് തുടങ്ങി നിരവധി അവാർഡുകൾ ബ്രാലിന് ലഭിച്ചിട്ടുണ്ട്. യൂട്യൂബിലും പടം ഹിറ്റാണ്. തൃശൂർ തിരൂർ സ്വദേശിയായ അബ്രു സൈമൺ ‘കുറുപ്പ്, ‘ലൂക്ക’ , ‘ഉറുമ്പുകൾ ഉറങ്ങാറില്ല.’, ‘പുള്ളി, ‘പെൻഡുലം’, ‘ത’ തവളയുടെ ത എന്നീ സിനിമകളുടെ അസോസിയറ്റ് ഡയറക്ടറാണ്.
സിനിമയുടെ യുട്യൂബ് ലിങ്ക്: https://youtu.be/DVgXEXzYUb0