തിരുവനന്തപുരം
പുതുതായി ചുമതലയേറ്റ റെയിൽവേ ബോർഡ് ചെയർമാൻ വി കെ ത്രിപാഠി, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുമായി സിൽവർ ലൈൻ അർധ അതിവേഗപ്പാത സംബന്ധിച്ച് കെ–- റെയിൽ അധികൃതർ ചർച്ച നടത്തി. വ്യത്യസ്ത ഘട്ടങ്ങളിലായി റെയിൽവേ ചോദിച്ചിരുന്ന പദ്ധതിയിലെ സംശയങ്ങളും വിശദാംശങ്ങളും ചർച്ചയായി. സാങ്കേതിക തടസ്സങ്ങൾ നീങ്ങുമെന്നാണ് അറിയുന്നത്.
പുതിയ ചെയർമാൻ വന്ന സാഹചര്യത്തിൽ പദ്ധതിയുടെ നിലവിലെ അവസ്ഥ ബോധ്യപ്പെടുത്തി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടസ്സങ്ങൾ നീക്കിയതിനാൽ സാമൂഹ്യാഘാത പഠനം വേഗത്തിൽ നടക്കും. ഔദ്യോഗികവും സാങ്കേതികവുമായി പദ്ധതിക്ക് മുന്നോട്ടു പോകാനാകുമെന്നും വിലയിരുത്തി.
അതേസമയം, രാഷ്ട്രീയ തീരുമാനമാണ് അന്തിമ അനുമതിക്ക് വേണ്ടത്. എതിർപ്പുകളുടെ അടിസ്ഥാനം രാഷ്ട്രീയമാണെന്നതും കേന്ദ്രത്തിന് ബോധ്യമുണ്ട്. അത്തരം എതിർപ്പുകളുള്ളപ്പോഴും പല സംസ്ഥാനങ്ങളിലും വികസന പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് എത്തിക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. അതിന് സഹായകമായ പദ്ധതികൾ വൈകിക്കാനും സാധ്യതയില്ല.
റെയിൽവേ ബോർഡ് ചെയർമാനോട് പദ്ധതിയുടെ നിലവിലെ സാഹചര്യം വിശദീകരിച്ചെന്ന് കെ–-റെയിൽ എംഡി വി അജിത്കുമാർ പറഞ്ഞു. റെയിൽവേയുടെ മറ്റ് വിഭാഗങ്ങളിലെ അധികൃതരുമായും സംസാരിച്ചു. മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്. തീരുമാനങ്ങളും പ്രഖ്യാപനങ്ങളും മറ്റും സർക്കാർ തലത്തിലാണ് ഉണ്ടാവുക. പല സംസ്ഥാനങ്ങളിലും രണ്ട് വർഷത്തിനിടെ സർക്കാർ എടുത്ത തീരുമാനങ്ങൾ വികസനം തടയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.















