തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ തത്സമയം അറിയാൻ കഴിയുന്ന ഇൻട്രാക്റ്റീവ് ഇന്റലിജൻസ് പാനൽ (ഐഐപി) സംവിധാനം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഓഫീസിൽ ആരംഭിച്ചു. പൊതുമരാമത്ത് പ്രവൃത്തികളുടേയും ടൂറിസം കേന്ദ്രങ്ങളുടേയും വിവരങ്ങൾ ഈ സംവിധാനത്തിലൂടെ തത്സമയം അറിയാൻ കഴിയും. ഇതോടെ ഓരോ പദ്ധതികളുടേയും വിലയിരുത്തൽ അനായാസം നടത്താനാവും.
ഒരു റോഡിന്റെ നിർമാണം എപ്പോൾ പൂർത്തിയാകും, പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണ്, മന്ത്രി സ്ഥലം സന്ദർശിച്ച ശേഷം നിർമാണത്തിൽ എത്രത്തോളം പുരോഗതിയുണ്ടായി, സർക്കാർ നിർദേശങ്ങൾ നടപ്പിലായോ തുടങ്ങിയ എല്ലാ വിവരങ്ങളും മുന്നിലെത്തും. ഓരോ പദ്ധതികളുടേയും തത്സമയ വീഡിയോയും ചിത്രങ്ങളും കാണാനാകും.
പിഡബ്ല്യുഡി ആപ്പിലും സമൂഹമാധ്യമത്തിലും വരുന്ന പരാതികൾ അറിഞ്ഞ് നടപടിയെടുക്കാനും ഇത് സഹായിക്കും.വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ചരിത്രവും വീഡിയോകളും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനപ്രതിനിധികളും ജനങ്ങളും തന്റെ ഓഫിസിൽ എത്തുമ്പോൾ പെട്ടെന്ന് നടപടിയെടുക്കാനും അവരോട് വിശദീകരിക്കാനും കഴിയുന്ന ഒരു സംവിധാനം വേണമെന്ന് ചുമതലയേറ്റപ്പോൾ തന്നെ ആഗ്രഹിച്ചിരുന്നതായി മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സിആർ മഹേഷ് എംഎൽഎയുടേയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിന്റേയും സാന്നിധ്യത്തിലാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. സിആർ മഹേഷിന്റെ മണ്ഡലമായ കരുനാഗപ്പള്ളിയിലെ റോഡുകളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ തത്സമയം കാട്ടിക്കൊടുത്തു.
Content Highlights: interactive intelligence panel in public works department