കൊച്ചി > നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ റോയി വയലാറ്റിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള് കേട്ട ശേഷമാണ് കൂടുതല്വാദം കേള്ക്കാനായി ഹൈക്കോടതി ജാമ്യഹര്ജി മാറ്റിവെച്ചത്.
റോയി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. അതിനാല് പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യണം. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കേസിൽ പരാതിക്കാരി മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. ഓരോ ദിവസവും തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നത്.
നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതിയാണ് പരാതിക്കാരിയെന്നും അത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതികളുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി രേഖാമൂലം ഉത്തരവ് നല്കിയില്ല.
2021 ഒക്ടോബര് 20ന് റോയി വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പര് 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്. ഫോർട്ട്കൊച്ചി പോലീസാണ് റോയി വയലാറ്റിലിനും സുഹൃത്ത് സൈജു തങ്കച്ചനും സൈജുവിന്റെ സുഹൃത്ത് അഞ്ജലിക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പോലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.