തൃപ്പൂണിത്തുറ: സൂപ്പർമാർക്കറ്റിലെ ജീവനക്കാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ വനിതാ കമ്മിഷൻ ഇടപെടൽ. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹിൽപാലസ് പോലീസ് സ്റ്റേഷന് നിർദ്ദേശം നൽകി.തൃപ്പൂണിത്തുറയിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ സഹപ്രവർത്തകയുടെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയിലും കൈയിലും ഹെൽമറ്റ് കൊണ്ടായിരുന്നു മർദ്ദനം.ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം.ഇതേക്കുറിച്ച് പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർചെയ്തില്ലെന്നാണ് പരാതി.
സംഭവത്തിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വനിത കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി നിർദേശം നൽകി. പരിക്കേറ്റസൂപ്പർ മാർക്കറ്റ് ജീവനക്കാരി ഷിജിയെ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി ഫോണിൽ വിളിച്ച് സംസാരിച്ചു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മിഷനെ അറിയിച്ചു.
സൂപ്പർമാർക്കറ്റിലെ ഹോം ഡെലിവറിക്കായി ഉപയോഗിക്കുന്ന ഫോണിലേക്ക് സഹപ്രവർത്തകയായ യുവതി ആവശ്യപ്പെട്ടത് പ്രകാരം അവരുടെ ഭർത്താവ് സതീഷ്വിളിക്കുകയായിരുന്നു. എന്നാൽ സ്വന്തം ആവശ്യങ്ങൾക്കായി സൂപ്പർമാർക്കറ്റിലെ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഷിജി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് സഹപ്രവർത്തകയുടെ ഭർത്താവ് ഫോണിലൂടെ അസഭ്യം പറയുകയും പിന്നാലെ സൂപ്പർമാർക്കറ്റിലെത്തി ഷിജിയെ ഹെൽമറ്റ് ഊരി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഷിജിയുടെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തിനിടെ പിടിച്ചുമാറ്റാൻ എത്തിയവരേയും ഇയാൾ മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വൈകുന്നേരം മൂന്ന് മണിയോടെ സൂപ്പർമാർക്കറ്റ് ഉടമയടക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. സി സി ടി വി അടക്കമുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നുമാണ് ആരോപണം. അതേ സമയം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
Content Highlights:Womens Commission intervention onfemale employee attcaked in supermarket issue