കൊച്ചി> ബാലുശേരി എംഎല്‍എ കെ എം സച്ചിന് ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.
വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു മാസത്തിന് ശേഷം വിവാഹം ഉണ്ടാകുമെന്നാണ് സൂചന. സച്ചിന് ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. നിലവില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.
തിരുവനന്തപുരം ഓള് സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.