തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരേ വീണ്ടും പോർമുഖം തുറന്ന്ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പേഴ്സണൽ സ്റ്റോഫായി ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തിൽ സർക്കാർ തലയിടേണ്ടതില്ലെന്നും ഗവർണർ തുറന്നടിച്ചു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗവർണറുടെ പ്രതികരണം.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിനെതിരേയും ഗവർണർ രംഗത്തെത്തി. രണ്ട് വർഷത്തിന് ശേഷം ഇത്തരക്കാർക്ക് പെൻഷൻ നൽകുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്സണൽ സ്റ്റാഫ് പദവിയിൽ നിന്ന്രാജിവെച്ച് ഇവരെല്ലാം വീണ്ടും പാർട്ടിയിലേക്ക് തിരികെയെത്തി പ്രവർത്തിക്കുന്നു. ഇപ്രകാരം പാർട്ടി കേഡറുകളെ വളർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വർഷത്തിന് ശേഷം പെൻഷൻ നൽകുന്ന ഇത്തരം പേഴ്സണൽ സ്റ്റോഫ് നിയമനം നാണംകെട്ട ഏർപ്പാടാണ്. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നും ഗവർണർ വിമർശിച്ചു.
ഗവർണറുടെ പേഴ്സണൽ സ്റ്റോഫായി ഹരി എസ്. കർത്തയുടെ നിയമനം വന്നതിനെതിരേ കഴിഞ്ഞ ദിവസമാണ് സർക്കാർ അതൃപ്തി അറിയിച്ചത്. ഗവർണറുടെ താത്പര്യം കൊണ്ടുമാത്രമാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രിയുടെ വിയോജനത്തോടെയാണ് ഉത്തരവ് ഇറങ്ങിയതെന്നുമായിരുന്നു സർക്കാർ വാദം. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റോഫ് നിയമനത്തിനെതിരേ ഗവർണറും കടുത്ത വിമർശനം ഉന്നയിച്ചത്.
ഹിജാബ് വിവാദം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഗവർണർ വ്യക്തമാക്കി. സ്കൂളുകളിൽ യൂണിഫോം അച്ചടക്കത്തിന്റെ ഭാഗമാണ്. ചിലർ ഗൂഢാലോചന നടത്തിയുണ്ടാക്കുന്ന വിവാദമാണ് ഇതെല്ലാമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
content highlights:governor criticise state government in ministers personal staff appointment