കോട്ടയം > സിഎന്‍ടി (കൊണ്ടെ നാസ്റ്റ് ട്രാവലര്‍)യുടെ 2022ല്‍ കണ്ടിരിക്കേണ്ട ലോകത്തെ 30 മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം നേടിയ അയ്മനത്തിന് അഭിനന്ദനവുമായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അയ്മനം ഗ്രാമത്തേയും ഉത്തരവാദിത്വ ടൂറിസം മിഷനെയും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിനന്ദിച്ചു.
ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സിയൂൾ എന്നിങ്ങനെ ലോകത്തെ 30 പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ കൂട്ടത്തിലാണ് അയ്മനവും സ്ഥാനം പിടിച്ചിരിക്കുന്നത്. പൈതൃകവും സംസ്കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് മുക്തവും മാലിന്യരഹിതവുമായ ടൂറിസം പ്രവര്‍ത്തനങ്ങളും പുതിയ സംരംഭങ്ങളില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴില്‍ സാദ്ധ്യതകള്‍ ഉറപ്പുവരുത്തുന്നതുമായ അയ്മനത്തിെന്റ ഗ്രാമീണ ടൂറിസം മാതൃകയ്ക്ക് 2021 വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ മികച്ച ഉത്തരവാദിത്വ ടൂറിസം അവാര്‍ഡും ലഭിച്ചിരുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന് അയ്മനം ഗ്രാമ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കിയ മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയിലൂടെയാണ് നേട്ടങ്ങള്‍ കൈവരിക്കാനായതെന്നും മന്ത്രി പറഞ്ഞു.