പാലക്കാട്> ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പാലക്കാട് ചെറാട് മലയില് കയറുന്നവര്ക്കെതിരെ നിയമാനുസൃതമായ നടപടികള് ഉണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ബാബുവിന് കിട്ടിയ പ്രത്യേക ഇളവ് മറ്റാര്ക്കും ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇളവുകള് മറ്റുള്ളവര്ക്ക് കുറ്റകൃത്യങ്ങള് ചെയ്യാനുള്ള ലൈസന്സ് അല്ല. അനധികൃത കടന്നു കയറ്റം തടയും. സംരക്ഷിത വനമേഖലകളില് ആളുകള് പ്രവേശിക്കുന്നത് തടയാന് പരിശോധന കര്ശനമാക്കും. സിവില് ഡിഫെന്സ് വളണ്ടിയര്മാരെ കൂടി ഇതില് പങ്കാളികളാക്കും. ഒരാഴ്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടര് റിപ്പോര്ട്ട് നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച ചെറാട് മല കയറിയ രാധാകൃഷ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് താഴെ ഇറക്കിയത്. രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണന് വനത്തിനുള്ളില് കയറിയത്. ആദിവാസികള്ക്ക് വനവിഭവങ്ങള് ശേഖരിക്കാന് കാട്ടില് കയറാമെന്നും വനം വകുപ്പ് അറിയിച്ചു.