കൊച്ചി
സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി 11,130 കോടി രൂപയുടെ പോളിയോൾ പദ്ധതി ഉപേക്ഷിക്കാൻ ബിപിസിഎൽ ഡയറക്ടർ ബോർഡ് തീരുമാനം. 2019 ജനുവരി 27ന് പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതിയാണിത്. 2022ൽ പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങാനാകുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരി 31ന് ചേർന്ന ബോർഡ് യോഗത്തിന്റെ തീരുമാനം അറിയിച്ച കത്ത് കമ്പനി സെക്രട്ടറി സെബിക്ക് കൈമാറി.
കൊച്ചി റിഫൈനറിയിൽ പോളിയോൾസ് ഉൽപ്പാദിപ്പിക്കാൻ 2018 സെപ്തംബറിലാണ് തീരുമാനിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേതുൾപ്പെടെ അനുമതി ലഭിച്ചു. ഫാക്ട് കൊച്ചിൻ ഡിവിഷന്റെ 170 ഏക്കർ സ്ഥലം ഏറ്റെടുത്തു. ഇവിടെ മരങ്ങൾ വെട്ടിമാറ്റി ഭൂമി നിരപ്പാക്കി. 2019 നവംബർ 20ന് ബിപിസിഎൽ വിൽക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ പ്രവർത്തനങ്ങൾ നിർത്തി. ഇതിന്റെ തുടർച്ചയായാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. 2019ൽ പ്രവർത്തനം ആരംഭിക്കേണ്ട പദ്ധതി 2022ലും ആരംഭിക്കാത്തതിന്റെ കാരണമായി പറഞ്ഞത് നിർമാണ സാമഗ്രികളുടെ വിലവർധനയാണ്. ഇതൊഴികെ റിഫൈനറിയിലെ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ട്.
രാജ്യം വലിയ അളവിൽ പോളിയോൾ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലാണ് ആത്മനിർഭർ ഭാരത് പദ്ധതിയിൽപ്പെടുത്തി പ്ലാന്റ് പ്രഖ്യാപിച്ചത്. നാലുലക്ഷം ടൺ ഉൽപ്പന്നങ്ങളാണ് ഇന്ത്യയിൽ ഒരുവർഷം ആവശ്യം. 2030ൽ ഇത് ഏഴരലക്ഷമായി ഉയരുമെന്നുമാണ് കണക്ക്. രാജ്യത്ത് നിലവിൽ 15,000 ടൺ പോളിയോൾ ഉൽപ്പന്നങ്ങളാണ് നിർമിക്കുന്നത്.
സ്ഥാപനത്തിന്റെ ഭാവി അപകടത്തിലാക്കുന്ന നീക്കം
പദ്ധതി വൈകിപ്പിച്ചും ഉപേക്ഷിച്ചും സ്ഥാപനത്തിന്റെ ഭാവി അപകടത്തിലാക്കുന്ന നീക്കത്തിനെതിരെ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് റിഫൈനറി സംരക്ഷണ സമിതി. റിഫൈനറി സംസ്കരണശേഷി വർധിപ്പിച്ചതിന്റെ ഭാഗമായി അഞ്ചുലക്ഷം ടൺ പ്രൊപ്പിലിൻ ഉപയോഗപ്പെടുത്തിയാണ് പെട്രോ കെമിക്കൽ പ്ലാന്റുകൾ ആരംഭിച്ചത്. രണ്ടരലക്ഷം ടൺ പ്രയോജനപ്പെടുത്തി പ്രൊപ്പിലിൻ ഡെറിവേറ്റീവ് പെട്രോ കെമിക്കൽ പദ്ധതിയും നടപ്പാക്കി. രണ്ടരലക്ഷം ടൺ പ്രൊപ്പിലിൻ ഉപയോഗപ്പെടുത്തിയാണ് പോളിയോൾ പദ്ധതി വിഭാവനം ചെയ്തത്. നിലവിൽ പദ്ധതി ഉപേക്ഷിച്ച് പകരം പോളി പ്രൊപ്പിലിൻ പ്ലാന്റിനുള്ള സാധ്യത വിലയിരുത്താനാണ് ഡയറക്ടർ ബോർഡ് തീരുമാനം.
സ്വകാര്യവൽക്കരണത്തിൽ വ്യക്തതയുണ്ടാകുന്നതുവരെ വികസന പദ്ധതികളുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്. കേരളത്തിലെ ഏറ്റവും വലിയ പദ്ധതി സ്വകാര്യവൽക്കരണത്തിലൂടെ ഇല്ലാതാകുകയാണ്. മുഴുവൻ ജനങ്ങളും ബിപിസിഎൽ വിൽപ്പനയെ പ്രതിരോധിക്കാൻ അണിനിരക്കണമെന്ന് സമിതി ജനറൽ കൺവീനർ കെ ചന്ദ്രൻപിള്ള, ചെയർമാൻ ബെന്നി ബഹന്നാൻ എംപി, സംയുക്ത ട്രേഡ് യൂണിയൻ സമിതി കൺവീനർ പി ആർ മുരളീധരൻ, ചെയർമാൻ കെ കെ ഇബ്രാഹിംകുട്ടി എന്നിവർ അഭ്യർഥിച്ചു.