തിരുവനന്തപുരം: നേതൃത്വത്തെ മറികടന്ന് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നുവെന്ന് ആരോപിച്ച്കെ.പി.സി.സി നേതൃത്വത്തിന് രമേശ് ചെന്നിത്തലയോട് അതൃപ്തി. നിരാകരണ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനം പരസ്യപ്പെടുത്തിയതിലാണ് കെ.പി.സി.സിനേതൃത്വത്തിന് അമർഷം.നേതാക്കൾ നേരിട്ട് കണ്ട് ചെന്നിത്തലയെ അതൃപ്തി അറിയിക്കും. അതേസമയം നിയമസഭാ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ പ്രതികരണം.
ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിട്ടതിന് പിന്നാലെ നിരാകരണ പ്രമേയം നൽകുമെന്ന് രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുകയുണ്ടായി. ഇതാണ് കെ.പി.സി.സി നേത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള വാർത്തകൾ വരുന്നത്.
നിർണായക കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തിനെ അനുവദിക്കണമെന്നുള്ളതാണ് നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാൽ രമേശ് ചെന്നിത്തല ഇത് നേരത്തെ ചെയ്യുകയാണ്. ഇത് പാടില്ല. നേതൃത്വവുമായി ആലോചിച്ച് നയപരമായ കാര്യങ്ങൾ പരസ്യപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തെ അനുവദിക്കണമെന്നാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്. ഇത്തരത്തിൽ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നത് പ്രതിപക്ഷ നേതാവോ കെ.പി.സി.സി അധ്യക്ഷനോ ആയിരിക്കണമെന്ന വാദമാണ് നേതൃത്വം ഉന്നയിക്കുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയെ കാണും.
എന്നാൽ നിയമസഭാ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്നും യു.ഡി.എഫിന്റെ തീരുമാനങ്ങൾക്ക് അനുസൃതമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നുമാണ് ചെന്നിത്തല അനുകൂലികൾ വ്യക്തമാക്കുന്നത്. ഇത്തരം വാർത്തകൾ അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ചെന്നിത്തല അനുകൂലികൾ പറയുന്നു.
Content Highlights:Chennithala overtakes leadership KPCC leadership expresses dissatisfaction