കോഴിക്കോട്: പുറത്താക്കിയ നടപടി കോടതി വഴി റദ്ദാക്കി എത്തിയ എംഎസ്എഫ് നേതാവ് പി.പി.ഷൈജലിന് സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് പ്രവേശനം ലഭിച്ചില്ല. വാതിൽ അടച്ചിട്ടാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. ഇതേ തുടർന്ന് വാതിലിന് മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ ശേഷം ഷൈജൽ മടങ്ങി.
ഹരിത വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഷൈജലിനെ എംഎസ്എഫിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയ നടപടി വയനാട് മുൻസിഫ് കോടതി റദ്ദാക്കി കൊണ്ട് ഷൈജലിനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായിട്ടാണ് തന്നെ പുറത്താക്കിയതെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഷൈജലിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി ഉത്തരവ് പ്രകാരമാണ് ഇന്ന് ഷൈജൽ യോഗത്തിനെത്തിയത്. എന്നാൽ യോഗവേദിയുടെ വാതിൽ പൂട്ടിയതിനാൽ ഷൈജലിനെ യോഗവേദിയിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് നേതൃത്വം നടത്തികൊണ്ടിരിക്കുന്നതെന്ന് ഷൈജൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പെൺകുട്ടികളെ ആക്ഷേപിച്ചതിന്റെ പേരിലും തട്ടിപ്പ് നടത്തിയതിന്റെ പേരിലുമെല്ലാം കോടതിയിലും ജയിലിലും കയറിയിറങ്ങുന്നവരായി എംഎസ്എഫ് നേതൃത്വം മാറിയെന്നും അദ്ദേഹം ആരോപിച്ചു.