തിരുവനന്തപുരം > സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനമായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളും സ്കൂളിലെത്തണം. 10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി പറഞ്ഞു.
ഫെബ്രുവരി 21 മുതൽ മുതൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. ഇനി മുതൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തിദിനമായിരിക്കും. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നത്. എല്ലാ ക്ലാസുകളിലും വാർഷിക പരീക്ഷകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും തിങ്കളാഴ്ച തുറക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ഉച്ചവരെയായിരിക്കും ക്ലാസുകള്‍. എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്തും.
പ്ലസ് വൺ, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോർട്ട് നൽകണം. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം കർമ്മപദ്ധതി തയാറാക്കണം. 21 മുതൽ പിടിഎ യോഗങ്ങൾ ചേരണം. സ്കൂളിലെത്താത്ത കുട്ടികളുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.