തിരുവനന്തപുരം> സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ നിക്ഷേപ ഗ്യാരന്റി തുക അഞ്ചുലക്ഷമാക്കി ഉയർത്തുന്നതിന് നിയമ പരിരക്ഷ ഉറപ്പാക്കും. ഇതിനുള്ള വ്യവസ്ഥാ മാറ്റംകൂടി സംസ്ഥാന സഹകരണ നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തും. ബിൽ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന് സാധിച്ചില്ലെങ്കിൽ ഓർഡിനൻസ് ഇറക്കുന്നതും പരിഗണിക്കും. ഭേദഗതി നിലവിൽവരുമ്പോൾ എല്ലാ നിക്ഷേപങ്ങൾക്കും പരിരക്ഷ ഉറപ്പാക്കും.
സംസ്ഥാന സഹകരണ നിയമം വകുപ്പ് 57 (ബി) പ്രകാരമാണ് കേരള സംസ്ഥാന നിക്ഷേപ ഗ്യാരന്റി ഫണ്ട് സ്കീം രൂപീകരിച്ചത്. സഹകരണ സംഘങ്ങളും ബാങ്കുകളും അടച്ചുപൂട്ടൽ ഘട്ടത്തിലെത്തിയാൽ അംഗങ്ങളുടെ നിക്ഷേപങ്ങൾക്ക് പരമാവധി രണ്ടുലക്ഷം രൂപവരെ മടക്കിനൽകുന്നതാണ് വ്യവസ്ഥ. ഇത് അഞ്ചുലക്ഷമാക്കുന്നതാണ് പ്രധാന ഭേദഗതി.
ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷ(ഡിഐസിജിസി)ന്റെ പേരിൽ കേന്ദ്ര സർക്കാർ ഉയർത്തുന്ന വെല്ലുവിളികൾകൂടി നേരിടാൻ തക്കവണ്ണമാണ് ഗ്യാരന്റി സ്കീമിനെ ശക്തിപ്പെടുത്തുന്നത്. നിക്ഷേപങ്ങൾക്ക് ഡിഐസിജിസി ഒരുലക്ഷം രൂപയാണ് ഗ്യാരന്റി അനുവദിച്ചിരുന്നത്. ഇതിന് എല്ലാ വർഷവും 100 രൂപയ്ക്ക് 12 പൈസ നിരക്കിൽ കോർപറേഷന് നൽകണം. എന്നാൽ, ഒരു രൂപപോലും സംസ്ഥാനത്തെ നിക്ഷേപകർക്ക് അനുവദിച്ചിരുന്നില്ല.
കേരളത്തിൽ നിക്ഷേപ ഗ്യാരന്റി നിധിയിലേക്ക് നിക്ഷേപത്തിൽനിന്ന് 100 രൂപയ്ക്ക് 10 പൈസ നിരക്കിൽ ഒറ്റത്തവണ വിഹിതംമാത്രമാണ് ഈടാക്കുന്നത്. ഇതുവഴി രണ്ടുലക്ഷം രൂപവരെ ഉറപ്പാക്കുന്ന സ്കീമിലെ ഗ്യാരന്റിയാണ് അഞ്ചുലക്ഷമാക്കുന്നത്.