തിരുവനന്തപുരം> പ്രാകൃതമായ കാലുകഴുകിച്ചൂട്ട് പോലുള്ള ചടങ്ങ് തിരികെയെത്തിക്കുന്നതിന് പിന്നിൽ സംഘപരിവാർ. തൃപ്പൂണിത്തുറ, കാറളം തുടങ്ങിയ ക്ഷേത്രങ്ങളിൽ ചടങ്ങ് നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. ആധുനിക സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും വിമർശമുണ്ടായി. പ്രശ്നത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ടു.
ചാതുർവർണ്യ വ്യവസ്ഥ തിരികെയെത്തിക്കാൻ ആഗ്രഹിക്കുന്ന സംഘപരിവാറാണ് ഇതിന് പിന്നിലുള്ളത്. നാട് ഉപേക്ഷിച്ച ഇത്തരം അനാചാരങ്ങളെ തിരികെ കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പണ്ഡിതനും ഗ്രന്ഥകാരനുമായ എസ് പി നമ്പൂതിരി പറഞ്ഞു. സമത്വത്തിനും സാഹോദര്യത്തിനും എതിരായതിനാൽ നവോത്ഥാന സമൂഹം എടുത്തെറിഞ്ഞതാണ് ഇവ. ബ്രാഹ്മണന്റെ കാലുകഴുകുന്നതുകൊണ്ട് ലക്ഷ്യമിടുന്നത് അടിമയാക്കുക എന്നാണ്. മാനസികമായി മാത്രമല്ല, സാമ്പത്തികമായും സമൂഹത്തിൽ മേധാവിത്വം നിലനിർത്താൻ ബ്രാഹ്മണ വൈദികസമൂഹം തന്നെയാണ് ഇത്തരം അനാചാരങ്ങളുണ്ടാക്കിയത്. ഇതിനെതിരായ ശക്തമായ പ്രതികരണം ഉയരണമെന്നും എസ് പി നമ്പൂതിരി പറഞ്ഞു.
കാറളം വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ കാൽകഴുകിച്ചൂട്ടിനെതിരെ മന്ത്രി ആർ ബിന്ദു രംഗത്തുവന്നു. അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിനും മതത്തിനും ഒരുപോലെ ദോഷംചെയ്യും. ഹിന്ദുമതത്തിനുള്ളിൽത്തന്നെ സ്വാമി വിവേകാനന്ദൻതൊട്ട് ചട്ടമ്പിസ്വാമികളും നാരായണഗുരുവുംവരെയുള്ളവർ എത്തിച്ച വെളിച്ചവും മാറ്റവും കണ്ടില്ലെന്നു നടിക്കരുതെന്നും മന്ത്രി പറഞ്ഞു.