കോഴിക്കോട്:ലോകായുക്തയ്ക്കെതിരെ പരോക്ഷ വിമർശനവുമായി തവനൂർ എം.എൽ.എ. കെ.ടി. ജലീൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് മറുപടിയായാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ജലീലിൻറെ പ്രതികരണം.
പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം- ജലീൽ കുറിപ്പിൽ പറയുന്നു.
വഴിയിൽ എല്ലുകടിച്ചുകൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തുചെന്നാൽ എല്ല് തട്ടിയെടുക്കാനാണെന്ന് പട്ടി കരുതും. പട്ടി എല്ലുമായി ഗുസ്തി പിടിക്കട്ടേ- എന്നൊരു പരാമർശം കഴിഞ്ഞദിവസം ലോകായുക്ത നടത്തിയിരുന്നു. – മാതൃഭൂമി ദിനപത്രത്തിലെ ഈ വാർത്താഭാഗം അടിവരയിട്ടു കാണിച്ചാണ് ജലീലിന്റെ കുറിപ്പ്.
Read More:നിയമം ഭരണഘടനാ വിരുദ്ധമെന്ന് മനസ്സിലാക്കാൻ 21 വർഷം വേണ്ടിവന്നുവെന്ന് ലോകായുക്ത
കേരളത്തിലെ ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസ്സിലാക്കാൻ 21 വർഷം വേണ്ടിവന്നുവെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരുന്നു. ലോകായുക്തയെ വിമർശിക്കുന്ന രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും പ്രസ്താവനകൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയ്ക്കതിരേ വിമർശനമുന്നയിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ച് പേരെടുത്തുപറയാതെ പരോക്ഷമായാണ് ലോകായുക്ത സൂചിപ്പിച്ചത്.
ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; ————————————-
പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.
അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.
കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.
Image Courtesy:facebook.com/drkt.jaleel
Content Highlights: KTJaleels facebook post against Lokayukta