തിരുവനന്തപുരം > ലൈഫ് മിഷൻ വഴി 71,800 കുടുംബത്തിന് വീടൊരുക്കാൻ 1500 കോടി രൂപയുടെ വായ്പ അനുവദിച്ച് ഹഡ്കോ. ഇതിൽനിന്ന് ഗ്രാമീണമേഖലയിൽ 69,217 വീടിന് 1448.34 കോടിയും നഗരപ്രദേശത്തെ 2583 വീടിന് 51.66 കോടി രൂപയും ലൈഫ് മിഷൻ വിനിയോഗിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 4000 കോടിരൂപ ഹഡ്കോ നൽകിയിരുന്നു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെയുആർഡിഎഫ്സി) മുഖേനയാണ് വായ്പ എടുത്തത്. തുക തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം കൈമാറും. ഇതിന്റെ മുതൽ തദ്ദേശസ്ഥാപനങ്ങളും പലിശ സർക്കാരും അടയ്ക്കും.
കഴിഞ്ഞ തവണ 8.75 ശതമാനമായിരുന്നു പലിശ. പുതിയ പലിശ അന്തിമമായിട്ടില്ല. വായ്പാ വിതരണവും തിരിച്ചടവും മോണിറ്റർ ചെയ്യാൻ പിഎംയു സംവിധാനം ഒരുക്കും. തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ ഐകെഎമ്മും എസ്ബിഐയും ചേർന്ന് സോഫ്റ്റ്വെയർ സൗകര്യം ഒരുക്കും. വായ്പയുടെ അനുമതിപത്രം തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഹഡ്കോ റീജണൽ ചീഫ് ബീന ഫിലിപ്പോസ് കെയുആർഡിഎഫ്സി മാനേജിങ് ഡയറക്ടർ ആർ എസ് കണ്ണന് കൈമാറി. ഹഡ്കോ ജോയിന്റ് ജനറൽ മാനേജർ ജോൺ ജോസഫ് വടശ്ശേരിയും ലൈഫ്മിഷൻ സിഇഒ യു വി ജോസ് എന്നിവരും പങ്കെടുത്തു.