തിരുവനന്തപുരം: കേരളത്തെ പോലെ ആവാതിരിക്കാൻ ശ്രദ്ധിച്ചു വോട്ട് ചെയ്യണമെന്ന യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
“ഉത്തർപ്രദേശിൽബിജെപി തോറ്റാൽ ഉത്തർപ്രദേശ് കേരളമാവും എന്നാണ് ആദിത്യനാഥ് പറയുന്നത്. അങ്ങനെ സംഭവിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. യുപിയിൽ കാട്ടുനീതിയാണ് നടക്കുന്നത്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാത്ത നാടാണ് ഉത്തർപ്രദേശ്.ക്രമസമാധാന തകർച്ചയും,കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേയുള്ള അതിക്രമങ്ങളും അവിടെ വർധിച്ചുവരുന്നു. ഏത് വികസന-ആരോഗ്യ സൂചികയെടുത്ത് നോക്കിയാലും കേരളം യുപിയേക്കാൾ ഏറെ മുന്നിലാണെന്ന് കോടിയേരി പറഞ്ഞു. വികസന സൂചികകളുടെ കണക്കുകളും കോടിയേരി വിശദീകരിച്ചു.
ശ്രദ്ധിച്ചു വോട്ട് ചെയ്യണമെന്ന പരാമർശത്തിലൂടെകേരളത്തെക്കുറിച്ച് ദേശീയ തലത്തിൽ തെറ്റായ ചിത്രം നൽകാനാണ് യോഗി ആദിത്യനാഥ് ശ്രമിച്ചത്. എന്നാൽ അത് കേരളത്തെക്കുറിച്ച് രാജ്യത്താകെ ചർച്ച ചെയ്യുന്ന അവസ്ഥയിലേക്ക് നയിച്ചു. ഇപ്പോൾ രാജ്യമൊട്ടാകെ ഈ രണ്ട് സംസ്ഥാനങ്ങളേയും താരതമ്യം ചെയ്യുകയാണ്.
ബിജെപിയെ തോൽപ്പിക്കാൻ നോക്കിയാൽ അത് ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ഗുണം ചെയ്യും. കേരളത്തെക്കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമർശം തെറ്റാണെന്ന് തിരുത്താൻ കേരളത്തിലെ ബിജെപി തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.