ഇടുക്കി> കോണ്ഗ്രസ് ഉന്നത നേതാക്കള് ഇടപെട്ട് ഇടുക്കി എന്ജിനീയറിങ്ങ് കോളേജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ആഷിക്കിനെ കൊണ്ട് നിലപാടു മാറ്റിച്ചു. എസ് എഫ് ഐ പ്രവര്ത്തകനായ ധീരജിനെ യൂത്ത്കോണ്ഗ്രസുകള് കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ഇടുക്കി എന്ജിനീയറിങ്ങ് കോളേജ് തുറന്നു പ്രവര്ത്തിക്കുന്നതിന് മുന്നോടിയായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിയന്റെ നേതൃത്വത്തില് ചേര്ന്ന സര്വകക്ഷി യോഗത്തില് മുഹമ്മദ് ആഷിക്ക് പറഞ്ഞ കാര്യങ്ങളാണ് പിന്നീട് വിവാദമായതോടെ ഉന്നത നേതാക്കള് ഇടപെട്ട് സോഷ്യല് മീഡിയയിലുടെ മാറ്റിപ്പറയിച്ചത്.
‘ധീരജ് ഞങ്ങളുടെ ഏട്ടനായിരുന്നു. ഞങ്ങളോട് എല്ലാം സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.ഞങ്ങള് കെഎസ്യുക്കാരാണ്. ഇനി കെഎസ്യു എന്ന് പറഞ്ഞു വിദ്യാര്ഥികളെ അഭിമുഖീകരിക്കാനാവില്ല. അതുകൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു, ഇനി കെഎസ്യുവിലേക്കില്ല’- എന്നായിരുന്നു മുഹമ്മദ് ആഷിക് യോഗത്തില് പറഞ്ഞത്. സംഭവം വിവാദമായതോടെ മുതിര്ന്ന നേതാക്കളുടെ സമ്മര്ദ്ദത്തെ തുടര്ന്ന് ആഷിക് നിലപാട് മാറ്റിപ്പറയുകയായിരുന്നു
ഈ യോഗത്തില് ഉണ്ടായിരുന്ന കോണ്ഗ്രസ് പ്രതിനിധിയും ഡിസിസി സെക്രട്ടറിയുമായ എം ഡി അര്ജുനന് അസ്വസ്ഥ പ്രകടിപ്പിച്ചു. യോഗശേഷം നേതാക്കള് ആഷിക്കിനെ കാണുകയും സമ്മര്ദ്ദം ചെലുത്തി നിലപാട് മാറ്റുകയായിരുന്നു. 24 പേര് പങ്കെടുത്ത സര്വകക്ഷിയോഗത്തില് 16-ാംമതായാണ് ആഷിക്ക് പങ്കെടുത്ത് സംസാരിച്ചത്.