കോഴിക്കോട്: കോൺഗ്രസിൽ ജില്ലാഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിലേക്ക് പേര് ഉൾപ്പെടുത്താൻ ലിസ്റ്റ് നൽകിയത് 13 നേതാക്കൾ. ആകെ 24 ജില്ലാഭാരവാഹികളെയാണ് നിശ്ചയിക്കേണ്ടത്. നേരത്തെ രണ്ട് ഗ്രൂപ്പുകൾ ചേർന്നാണ് ഭാരവാഹികളായി പരിഗണിക്കുന്നതിന് പട്ടിക നൽകിയതെങ്കിൽ ഇപ്പോൾ ഓരോനേതാവും സ്വന്തം നിലയിൽ ഇഷ്ടക്കാരുടെ പേരുകൾ ശുപാർശ ചെയ്യുകയാണ്. ഗ്രൂപ്പിനെ ഇല്ലാതാക്കാൻ നടത്തിയ ശ്രമം ഫലത്തിൽ പുതിയരൂപത്തിൽ നിരവധി അധികാരകേന്ദ്രങ്ങളെ വളർത്തിക്കൊണ്ടുവരികയാണ് ചെയ്തതെന്നാണ് പ്രധാന ആക്ഷേപം.
13 നേതാക്കൾ 24 ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് നൂറോളംപേരുടെ പട്ടിക നൽകിയിട്ടുണ്ടെങ്കിലും ഇതിലൊന്നും ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തിക്കുന്ന ശ്രദ്ധേയരായ പലരും ഉൾപ്പെട്ടിട്ടില്ല. തങ്ങളോട് കൂറുള്ളവരെ മാത്രമാണ് ഓരോനേതാവും ശുപാർശചെയ്തിട്ടുള്ളത്. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, പി.എം. നിയാസ്, ഐ ഗ്രൂപ്പിനുവേണ്ടി കെ. സുബ്രഹ്മണ്യൻ, എ ഗ്രൂപ്പിനു വേണ്ടി കെ.സി. അബു, എം.പി.മാർ എന്നനിലയിൽ കെ. മുരളീധരൻ, എം.കെ. രാഘവൻ, മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ, മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ ഡി.സി.സി. പ്രസിഡന്റ് എം. വീരാൻകുട്ടി എന്നിവർക്കുപുറമേ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അവരുടെനിലയിൽ പേരുകൾ നൽകിയിട്ടുണ്ട്.
ഗ്രൂപ്പ് ഇല്ല എന്നത് അവകാശവാദം മാത്രമാണെന്ന് വർഷങ്ങളോളം ബ്ലോക്ക് പ്രസിഡന്റായിരുന്ന മുതിർന്ന നേതാവ് പറയുന്നു. മുൻപ് ഗ്രൂപ്പ് നേതാക്കളെ മാത്രം ചെന്ന് കണ്ടാൽ മതിയായിരുന്നു. ഇപ്പോൾ ഓരോ നേതാവിനെയും ചെന്ന് കാണേണ്ട അവസ്ഥയാണ്. ഗ്രൂപ്പുള്ളതായിരുന്നു ഇതിലും ഭേദം. ഗ്രൂപ്പിനോടുള്ള കൂറായിരുന്നു ഗ്രൂപ്പിന്റെ മാനദണ്ഡം .ഇപ്പോൾ അത് നേതാക്കളോടുള്ള കൂറായി ചുരുങ്ങിയെന്ന് അദ്ദേഹം പറയുന്നു. എല്ലാ നേതാവിനെയും സമർഥമായി സന്തോഷിപ്പിക്കാൻ കഴിവുള്ള ചില സമർഥർ ഒരേ സമയം എട്ടോളംലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. നേതാക്കൾ സമർപ്പിച്ചലിസ്റ്റിൽ ഉൾപ്പെട്ട ഓരോആളുടെയും മികവും ദോഷവും മുഴുവൻ നേതാക്കളും ഒന്നിച്ചിരുന്ന് വിലയിരുത്തുകയോ ചർച്ചനടത്തുകയോ ചെയ്തിട്ടില്ല. പകരം ലിസ്റ്റ് മുഴുവൻ കെ.പി.സി.സി.ക്ക് കൈമാറും. ഈ ലിസ്റ്റിൽ കെ. സുധാകരനും വി.ഡി. സതീശനും ചേർന്നാണ് അന്തിമതീരുമാനം എടുക്കുക.
ഗ്രൂപ്പ് യോഗം ചേർന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദിച്ച കേസിൽ ഉൾപ്പെട്ട ചില നേതാക്കൾക്കെതിരേ തിരക്കിട്ട് സസ്പെൻഷൻ പിൻവലിച്ചതും ഡി.സി.സി. ഭാരവാഹികളാക്കാൻ വേണ്ടിയാണെന്ന് പരാതിയുണ്ട്. അതുപോലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ നേതാവ് പദവി രാജിവെച്ചതായി കത്ത് ഡി.സി.സി. പ്രസിഡന്റിന് നൽകിയതും ഭാരവാഹിപട്ടികയിൽ ഉൾപ്പെടാനാണ്. ഈ കരുനീക്കമെല്ലാം ചില ഉന്നതനേതാക്കളുടെ ഒത്താശയോടെയാണ് നടക്കുന്നത്. ഇങ്ങനെ ചിലർക്കുവേണ്ടി അമിത താത്പര്യമെടുക്കുന്നതിനെയല്ലേ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്നതെന്നാണ് ലിസ്റ്റിൽ ഉൾപ്പെടാൻ കഴിയാത്തവർ ചോദിക്കുന്നത്.
content highlights: Congress district executive list dispute