തിരുവനന്തപുരം > യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ തമാശയും അതേസമയം, കേരളത്തോടുള്ള വെറുപ്പ് വെളിവാക്കുന്നതുമാണെന്ന് ഡിവൈഎഫ്ഐ. യോഗി ആദിത്യനാഥിന്റെ പാർടിയായ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ ആറു വർഷങ്ങളിലും പുറത്തുവിട്ട കണക്കുകളിൽ എല്ലാ മേഖലയിലും ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം.
മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ഉയർന്ന ജീവിത നിലവാരം, മാനവിക വികസന സൂചികകൾ എന്നിങ്ങനെ വിവിധ സൂചികകളിൽ കേരളം ഒന്നാംസ്ഥാനത്താണ്. ഈ സൂചികകളിൽ ഏറ്റവും ഒടുവിലാണ് യുപി. ഏറ്റവുമൊടുവിൽ നീതി ആയോഗ് പുറത്തുവിട്ട കേവല ദാരിദ്ര്യ സൂചികയിൽ ഏറ്റവും ഉയർന്ന നിലവാരത്തിൽ കേരളം നിൽക്കുമ്പോൾ യോഗിയുടെ യു പിയാണ് ഏറ്റവുമധികം അതിദരിദ്രരുള്ള സംസ്ഥാനം.
ഓക്സിജൻ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചുവീണ യോഗിയുടെ നാട്ടിലാണ് പശുവിന് ആശുപത്രിയും ചാണക കേക്കുകളുടെ ഫാക്ടറിയും നിർമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ തെരുവിൽ കൊല്ലപ്പെടുന്ന യുപി മാതൃക കേരളം തള്ളിക്കളയുന്നതിന്റെ കെറുവാണ് ബിജെപി പ്രകടിപ്പിക്കുന്നത്. യുപിയെ കേരളം പോലെയാക്കുക എന്നുതന്നെയാണ് ആ നാട്ടിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.