കേന്ദ്രത്തിന്റെ നടപടി മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് മീഡിയ വണ്ണിനു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ വാദിച്ചു. മീഡിയാ വണ്ണിന് ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെയാണ് മീഡിയ വൺ ചാനൽ ഉടമസ്ഥരായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് അപ്പീലുമായി കോടതിയെ സമീപിച്ചത്.
പത്ത് വർഷത്തിനിടെ ചാനലിന്റെ ഭാഗത്തു നിന്നും യാതൊരു നിയമ ലംഘനവും ഉണ്ടായിട്ടില്ലെന്ന് ദുഷ്യന്ത് ദവെ വാദിച്ചു. പരിപാടികളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കണം. ലൈസൻസ് റദ്ദാക്കുകയല്ല വേണ്ടതെന്നും ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരാണ് കേസ് പരിഗണിച്ചത്.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് സംശയാസ്പദമാണ്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ വിശദീകരണം പോലും ആവശ്യപ്പെടാതെ സംപ്രേക്ഷണം തടഞ്ഞത്. ഓരോ തവണയും സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണ്. ദേശസുരക്ഷയാണ് പ്രശ്നമെങ്കിൽ കഴിഞ്ഞ ആഴ്ച വരെ എന്തുകൊണ്ടാണ് സംപ്രേക്ഷണം അനുവദിച്ചതെന്നും ദുഷ്യന്ത് ദവെ ചോദിച്ചു.
വിവിധ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രക്ഷണ വിലക്കെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അമൻ ലേഖി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഓപ്പൺ കോർട്ടിൽ പറയാൻ സാധിക്കില്ലെന്നും വിശദ വിവരങ്ങൾ മുദ്രവെച്ച കവറിൽ ചൊവ്വാഴ്ച സമർപ്പിക്കാമെന്നും അമൻ ലേഖി കോടതിയെ അറിയിച്ചു.