കൊച്ചി > തെരഞ്ഞെടുപ്പിൽ യു.പിയിലെ ജനങ്ങളെ ഒന്ന് തെറ്റിദ്ധരിപ്പിക്കാൻ നോക്കിയതായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം യു.പിയിൽ നൽകി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നു യോഗിയുടെ കേരള വിരുദ്ധ പ്രസംഗം. കേരളം, കശ്മീർ, ബംഗാൾ സംസ്ഥാനങ്ങളെപ്പോലെയാകാതിരിക്കാൻ വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ മറുപടിയും നൽകി. സാമൂഹ്യസുരക്ഷാ മേഖലകളില് കേരളത്തിന്റെ നേട്ടങ്ങൾ മറച്ചുവച്ചുകൊണ്ടാണ് യോഗിയുടെ പ്രസ്താവന. കേന്ദ്രം തന്നെ തയ്യാറാക്കുന്ന വികസന സൂചികകളിൽ മുൻനിരയിൽ ഉള്ള സംസ്ഥാനമാണ് കേരളം. സകല മേഖലകളിലും രാജ്യത്ത്തന്നെ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമാകട്ടെ, യോഗിയുടെ യുപിയും.
മഹാമാരിയുടെ കെടുതികൾക്കിടയിലും നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ രാജ്യത്ത് ഒന്നാംസ്ഥാനം നിലനിർത്തിയ സംസ്ഥാനമാണ് കേരളം. മുൻവർഷത്തെ സ്കോറിൽനിന്ന് അഞ്ച് പോയിന്റുകൂടി കൂട്ടി 100ൽ 75 പോയിന്റോടെയാണ് 2020-21ൽ കേരളം വീണ്ടും ഒന്നാമതായത്. ഹിമാചൽപ്രദേശും തമിഴ്നാടും 74 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ബിഹാര് ഏറ്റവും പിന്നിൽ; 52 പോയിന്റ്. ജാർഖണ്ഡ് (56), അസം (57), യോഗിയുടെ ഉത്തർപ്രദേശ് (60) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിലുള്ളത്. രാജ്യത്തെ നഗരങ്ങളിലെ സുസ്ഥിരവികസന സൂചികയിൽ മുൻനിരയിൽ കേരളത്തിൽനിന്ന് തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെട്ടിരുന്നു.2021- 22ലെ സൂചികയിൽ ആദ്യ 10 നഗരങ്ങളിൽ യു.പിയിൽനിന്നും ഒരു നഗരംപോലും ഉൾപ്പെട്ടില്ല.
ആരോഗ്യമേഖലയിലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള നിതി ആയോഗ് സൂചികയിൽ തുടർച്ചയായ നാലാം തവണയും കേരളമാണ് ഒന്നാമത്. നൂറിൽ 82.20 സ്കോർ നേടിയാണ് 2019 – 20 വർഷത്തെ സൂചികയിൽ കേരളത്തിന്റെ നേട്ടം. സ്കോർ 30.57 മാത്രം ലഭിച്ച യോഗിയുടെ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ. വലിയ 19 സംസ്ഥാനം, ചെറിയ എട്ട് സംസ്ഥാനം, ഏഴ് കേന്ദ്രഭരണപ്രദേശം എന്നിങ്ങനെ തിരിച്ചാണ് സൂചിക. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഉത്തർപ്രദേശിനു ലഭിച്ച സ്കോറിന്റെ 2.7 മടങ്ങ് കേരളം നേടി.
നിതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യസൂചിക (എംപിഐ) റിപ്പോർട്ടിൽ രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള അഞ്ച് ജില്ല കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ്. ജനസംഖ്യയിൽ 0.71 ശതമാനം പേർ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തൽ. ബിഹാർ (51.91), ജാർഖണ്ഡ് (42.16), ഉത്തർപ്രദേശ് (37.79) സംസ്ഥാനങ്ങളിലാണ് ദാരിദ്ര്യം ഏറ്റവും രൂക്ഷം.
ഭരണമികവിലും രാജ്യത്ത് ഒന്നാമതാണ് കേരളം. പബ്ലിക് അഫയേഴ്സ് സെന്റർ പ്രസിദ്ധീകരിച്ച പൊതുകാര്യ സൂചിക 2021ലാണ് (പബ്ലിക് അഫയേഴ്സ് ഇൻഡക്സ് – പിഎഐ 2021) 18 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതെത്തിയത്. 1.618 ആണ് കേരളത്തിന്റെ പിഎഐ സ്കോർ. യോഗിയുടെ ഉത്തർപ്രദേശിനാണ് ഏറ്റവും താഴ്ന്ന റാങ്ക്. മൈനസ് 1.418 ആണ് യുപിയുടെ ഇൻഡക്സ് പോയിന്റ്. പതിനെട്ടാം സ്ഥാനം.