തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകത്തിൽ ശിവശങ്കർ പറഞ്ഞിരിക്കുന്നത് വ്യക്തിപരമായി നേരിടേണ്ടിവന്ന കാര്യങ്ങളെക്കുറിച്ചാണെന്നും അതിൽ അപാകതയുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾക്ക് വിമർശനത്തിന് ഇരയായതിലെ പകയാണ്. പുസ്തകമെഴുതാൻ അനുമതി ഉണ്ടോയെന്നത് വെറും സാങ്കേതികമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന്റെ പ്രതികരണമാണ് ശ്രദ്ധിച്ചത്. ആ അഭിപ്രായമാണ് ശരിയെന്നാണ് തന്റെ അഭിപ്രായം. പുസ്തകത്തിൽ ചില കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളെക്കുറിച്ചും മറ്റൊന്ന് അന്വേഷണ ഏജൻസികളെക്കുറിച്ചുമാണ്. സ്വാഭാവികമായും വിമർശനത്തിന് ഇരയായവർക്കുള്ള പ്രത്യേകതരം പക ഉയർന്നുവരും എന്ന് നാം കാണണം. അന്വേഷണ ഏജൻസികളും മാധ്യമങ്ങളും കൂടിയാലോചിച്ചുള്ള കാര്യങ്ങൾ വരുന്നുണ്ടോയെന്ന് ഭാവിയിൽ മാത്രമേ പറയാൻ കഴിയൂ.
സർവീസിലിരിക്കുമ്പോൾ പുസ്തകമെഴുതിയതിന് മറ്റ് പലർക്കുമെതിരേയും നടപടി സ്വീകരിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ മാധ്യമങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. നിങ്ങളിൽ നിന്നുണ്ടായ അനുഭവമാണ് ശിവശങ്കർ പുസ്കത്തിൽ പറഞ്ഞിരിക്കുന്നത്. ശിവശങ്കർ പറഞ്ഞിരിക്കുന്നത് മാധ്യമങ്ങളിൽ നിന്ന് നേരിടേണ്ടി വന്നതിനെക്കുറിച്ചാണ്, അത് പറഞ്ഞുകൊള്ളട്ടേ – അദ്ദേഹം പറഞ്ഞു.
വ്യാജ ബിരുദമാണെന്ന് അറിഞ്ഞിട്ടാണ് ശിവശങ്കർ തനിക്ക് നിയമനം നൽകിയതെന്ന് സ്വപ്ന വെളുപ്പെടുത്തിയത് അവർ തമ്മിലുള്ള കാര്യമാണ്. അക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികൾ കൃത്യമായി സ്വീകരിച്ചുവരികയാണ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിൽ ഒരു വീഴ്ചയും ഉണ്ടാകില്ല. ആരുടേയും പക്ഷം പിടിക്കുന്ന നിലയുണ്ടാകില്ല.
ഇപ്പോഴത്തെ പ്രശ്നങ്ങൾ ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ചാണ്. പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതിൽ മാധ്യമങ്ങളെക്കുറിച്ച് തനിക്ക് തോന്നിയ കാര്യങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറിനെക്കുറിച്ച് സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കേണ്ടതല്ലേയെന്ന ചോദ്യത്തോട് പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല.
Content Highlights: cm supports m sivashankar after controversy related with book