പാലക്കാട്: മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണവിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ ഉമ്മ റഷീദ. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയപ്പോൾ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവർ മലകയറിയാൽ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മകന്റെ ജീവൻ രക്ഷിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ പറഞ്ഞു.
മകനെ ജീവനോടെ തിരിച്ചു കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ദൈവത്തിൽവിശ്വാസമുണ്ടായിരുന്നു. ജീവനോടെ തിരിച്ചുകിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു. നാട്, സൈന്യം, പോലീസ്, പത്രപ്രവർത്തകർ… ആരോട് നന്ദി പറയണം എന്നറിയില്ല. കളക്ടർ വന്നു, മലയുടെ മുകളിൽവരെ മാഡം എത്തി. ഷാഫി പറമ്പിൽ എംഎൽഎ വന്നു. ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളിൽനിന്നും ആളുകൾ എത്തി. എല്ലാവരോടും നന്ദി പറയുന്നു. ഇവിടെ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നു.
ബാബു വെള്ളം കുടിച്ചു എന്നാണ് അറിഞ്ഞത്. പക്ഷേ അവന് ക്ഷീണമുണ്ടാകും. രണ്ട് ദിവസമായി അവൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഇന്നേക്ക് മൂന്നാം ദിവസമാണ്. മല കയറിയതിന്റെ പേരിൽ ഉറപ്പായും അവനെ വഴക്ക് പറയുമെന്നും റഷീദ പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനിമേൽ ഒരു തെറ്റും മക്കൾ ചെയ്യരുത്. നാളെ മറ്റാർക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല. മകൻ തെറ്റ് ചെയ്തു. അതിൽ കുറ്റബോധമുണ്ടെന്നും തന്റെ അറിവിൽ അവൻ മല കയറിയത് ആദ്യമായാണെന്നും റഷീദ പറഞ്ഞു.
Content Highlights:Babu mothers reaction about Rescue Operation