മലമ്പുഴ> മലമ്പുഴയിലെ ചെറാട് മലയില് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന് ശ്രമം തുടരുന്നു. തിങ്കള് രാവിലെ കൂട്ടുക്കാര്ക്കൊപ്പം എരിച്ചരത്തെ കൂര്മ്പാച്ചിമല കയറിയ ചെറാട്ടിലെ റഷീദയുടെ മകന് ബാബു (23) ആണ് പകല് രണ്ടോടെ അപകടത്തില്പ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ടുപേര് രക്ഷിക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് തിരിച്ചിറങ്ങി.
ചെങ്കുത്തായ പാറയുടെ ഇടുക്കിലേക്ക് വീഴുന്നതിനിടെ ബാബുവിന്റെ കാലിനും പരിക്കേറ്റു. ഇതോടെ അനങ്ങാനാകാത്ത സ്ഥിതിയാണ്. ഇയാള് ഫോണില് കൂട്ടുകാര്ക്കും പൊലീസിനും വാട്ട്സാപ് സന്ദേശം അയച്ചതോടെയാണ് രക്ഷാപ്രവര്ത്തനം തുടങ്ങിയത്. ചൊവ്വ രാത്രിവരെ പൊലീസും ഫയര്ഫോഴ്സും ദുരന്തനിവാരണ സംഘവും രക്ഷാശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.
മലമ്പുഴയിലെ ചെറാട് മലയില് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ബാംഗ്ലൂരില് നിന്ന് പാരാ റെജിമെന്റല് സെന്ററില് നിന്നുള്ള കമാണ്ടോകള് മലമ്പുഴയില് എത്തും. കരസേനയുടെ മദ്രാസ് റെജിമെന്റില് നിന്നുള്ള ഏഴ് പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണില് നിന്ന് മലമ്പുഴയില് എത്തുന്നുണ്ട്.
രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന് സാധിച്ചില്ലെങ്കില് ബുധന് പകല് വ്യോമസേനയും രക്ഷാപ്രവര്ത്തനത്തില് പങ്കാളികളാകും. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര് ഉള്പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്ത് എത്തുന്നത്. കരസേനയുടെ ദക്ഷിണ് ഭാരത് ജിഒസി അരുണിന്റെ നേത്രത്വത്തിലാണ് രക്ഷാപ്രവര്ത്തനം ഏകോപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.