കൊച്ചി> നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ സാമ്പിളുകള് ശേഖരിച്ചു. കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില് രാവിലെ പതിനൊന്നോടെയാണ് ദിലീപ്, അനുജന് അനൂപ്, സഹോദരി ഭര്ത്താവ് സുരാജ് എന്നിവര് ശബ്ദസാമ്പിളുകള് നല്കാന് എത്തിയത്. സാമ്പിള് ശേഖരണം ഒരു മണിവരെ നീണ്ടു. തുടര്ന്ന് മഹസര് എഴുതി പ്രതികളെ വായിച്ചു കേള്പ്പിച്ചശേഷം ഒപ്പിട്ടുവാങ്ങി.
സംവിധായകന് ബാലചന്ദ്രകുമാര് കൈമാറിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം പ്രതികളുടെതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് ശബ്ദസാമ്പിളുകള് പരിശോധിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയില് ശേഖരിച്ച സാമ്പിളുകള് തിരുവനന്തപുരത്തെ ഫോറന്സിക് ലാബിലേക്ക് അയക്കും. ഫോറന്സിക് ലാബില്നിന്നുള്ള റിപ്പോര്ട്ട് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും. ഒരാഴ്ചക്കുള്ളില് റിപ്പോര്ട്ട് ലഭിക്കുമെന്നാണ് അന്വേഷകസംഘത്തിന്റെ പ്രതീക്ഷ.
ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്റേതല്ലെന്ന് ദിലീപ് കോടതിയില് പറഞ്ഞിട്ടില്ല. തന്റെ ശാപവാക്കുകളാണ് ഇതെന്നാണ് ദിലീപ് പറഞ്ഞത്. മുമ്പ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില് ദിലീപിന്റെ ചോദ്യം ചെയ്യലിനിടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ശബ്ദം കേള്പ്പിച്ചിരുന്നു. സംവിധായകരായ റാഫി, വ്യാസന് എടവനക്കാട് എന്നിവര് ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം തിരിച്ചറിഞ്ഞിരുന്നു.