മലമ്പുഴ> എലിച്ചിരം മലയോട് ചേർന്ന് കൂർമ്പാച്ചിമലയിൽ പറയിടുക്കിൽ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ചെറാട്ടിൽ റഷീദയുടെ മകൻ ബാബു (23) ആണ് തിങ്കൾ പകൽ കുടുങ്ങിയത്. തിങ്കൾ രാവിലെയാണ് ബാബു പ്രദേശവാസികളായ മറ്റ് രണ്ട്പേരോടൊപ്പം ട്രക്കിങ് തുടങ്ങിയത്. പാതിവഴിയിൽ മറ്റുരണ്ടു പേരും മടങ്ങിയെങ്കിലും ബാബു വീണ്ടും മലകയറി. പിന്നീട് ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പാറകൾക്കിടയിൽ കുടുങ്ങി കിടക്കുന്നതു കണ്ടെത്തിയത്. മുകളിലോട്ടും താഴോട്ടു നീങ്ങാനാകാത്ത നിലയിലാണ് കുടുങ്ങിയിട്ടുള്ളത്.
വനപാലകരും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തി. യുവാവ് കിടക്കുന്ന സ്ഥലം കണ്ടെത്തിയെങ്കിലും, അവിടേക്ക് എത്താനാവാത്ത സാഹചര്യമാണ്. ഇയാളുടെ കാലിന് ഗുരുതര പരിക്കേറ്റതായി പറയുന്നു. മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതും വെളിച്ചക്കുറവുമാണ് പ്രതിസന്ധിയായത്.