തിരുവനന്തപുരം> ഇടുക്കി രണ്ടാംഘട്ട പദ്ധതിയുടെ നിർമാണം അടുത്ത വർഷം ആരംഭിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. 800 മെഗാവാട്ട് വൈദ്യുതോൽപ്പാദനശേഷിയുള്ള പദ്ധതി, മൂഴിയാറിലെ 200 മെഗാവാട്ടിന്റെ രണ്ടാംഘട്ട പദ്ധതിയുടെ പഠനങ്ങൾ എന്നിവ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു. സൗര പുരപ്പുറ സൗരോർജ പദ്ധതിക്ക് പുതുതായി സജ്ജമാക്കിയ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗര പദ്ധതിയുടെ ഭാഗമായി ‘100 ദിവസത്തിനുള്ളിൽ 100 മെഗാവാട്ടിന്റെ പ്ലാന്റുകൾ സജ്ജമാക്കും. സൗരപദ്ധതിയിൽ താൽപ്പര്യം സൃഷ്ടിക്കാനുള്ള നടപടി കെഎസ്ഇബി സ്വീകരിക്കണം’–- മന്ത്രി പറഞ്ഞു.
കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക് അധ്യക്ഷനായി. ഡയറക്ടർമാരായ ആർ സുകു, വി മുരുഗദാസ്, വി ആർ ഹരി, മിനി ജോർജ്, രാജ്കുമാർ, ജി രാധാകൃഷ്ണൻ, രാജൻ ജോസഫ് എന്നിവർ സംസാരിച്ചു. പുരപ്പുറ സൗരോർജ പദ്ധതിയിൽ ഈ പോർട്ടൽവഴി രജിസ്റ്റർ ചെയ്യാം. പദ്ധതിയുടെ ഒരോ ഘട്ടത്തിലെയും പുരോഗതി ഉൾപ്പെടെയുള്ള വിവരങ്ങൾ പോർട്ടൽ മുഖാന്തരം ലഭിക്കും. പോർട്ടൽ: ekiran.kseb.in















